യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം പാലക്കാട്ട് തുടരുന്നു. മലമ്പുഴ സീറ്റിൽ കോൺഗ്രസിലെ എസ് കെ അനന്തകൃഷ്ണന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് ജോൺ ജോൺ.
കഴിഞ്ഞതവണ ബിജെപിക്ക് അനന്തകൃഷ്ണൻ വോട്ട് കച്ചവടം നടത്തിയതാണ് യു ഡി എഫ് മൂന്നാം സ്ഥാനത്താവാൻ കാരണമെന്ന് ജോൺ ജോൺ പറഞ്ഞു. നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്നാരോപിച്ച് വിവിധയിടങ്ങളിൽ പോസ്റ്റർ പ്രതിഷേധം.
നേമം മോഡലിൽ ബി ജെ പി യെ ജയിക്കാൻ സഹായിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തിയതിന് പിന്നാലെ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയ മലമ്പുഴ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ SK അനന്തകൃഷ്ണനെതിരെ ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ രംഗത്തെത്തിയത്.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുള്ള അനന്തകൃഷ്ണന് സീറ്റ് നൽകരുത്. കഴിഞ്ഞ തവണ അനന്തകൃഷ്ണൻ ബിജെപിക്ക് വോട്ട് മറിച്ചത് കൊണ്ടാണ് കോൺഗ്രസ് മൂന്നാം സ്ഥാനത്തായത് . അനന്തകൃഷ്ണന് മത്സരിക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അനന്തകൃഷ്ണന് സീറ്റ് നൽകരുതെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോൺ ജോൺ പറഞ്ഞു.
അതേസമയം പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. നോട്ടുകെട്ടിന്റെ എണ്ണത്തിന് കോൺഗ്രസിനെ വിറ്റെന്നും, ഡിസിസിയിലെ കച്ചവട ദല്ലാളന്മാർ നാടിന് ശാപമാണെന്നുമാണ് പോസ്‌റ്ററിലെ വിമർശനം. കോങ്ങാട് മണ്ഡലം ലീഗിന് കൊടുത്തതിൽ പ്രതിഷേധിച്ച് രണ്ട് ഡി സി സി സെക്രട്ടറിമാരുൾപ്പെടെ നിരവധി ഭാരവാഹികൾ കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.