കേരളത്തിൽ നിന്ന് മുങ്ങിയ പിടികിട്ടാപ്പുള്ളി മുംബൈയിൽ പിടിയിലായി; കേരളാ പോലിസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു

വിദേശ രാജ്യങ്ങളിൽ ജോലി വാദ്ഗാനംചെയ്ത് തട്ടിപ്പ് നടത്തി കേരളത്തിൽനിന്ന് മുങ്ങിയ പിടികിട്ടാപ്പുള്ളി മുംബൈയിൽ പിടിയിലായി. നവിമുംബൈയിലെ കരഞ്ചാടെയിൽ താമസിച്ചിരുന്ന തുളസീദാസിനെയാണ് വഞ്ചനയ്ക്ക് ഇരയായവർ ചേർന്ന് പിടികൂടി നവി മുംബൈയിലെ കാമൊത്തെ പോലീസിൽ ഏൽപ്പിച്ചത്.

കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് വസായ് നിവാസികളായ ഒൻപതോളം പേരെ വഞ്ചിച്ച് 30 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ പരാതിയുണ്ട്. വസായിൽ വഞ്ചിക്കപ്പെട്ടവർ ചേർന്നാണ് ഇയാളെ കുടുക്കിയത്. കൂടാതെ 2019-ൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്തും നിരവധി പേരെ വഞ്ചിച്ച കേസ് നിലവിലുണ്ട്. കൊല്ലം പോലീസ് ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇയാൾ പിടിയിലായതറിഞ്ഞ് കൊല്ലത്തു നിന്ന് പോലീസ് സംഘം മുംബൈയിലെത്തി. കേരളത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ സമ്പത്ത്, സീനിയർ സി പി ഓ സുനിൽ, സി പി ഓ അനിൽ, എന്നിവരാണ് ഇന്ന് മുംബൈയിലെത്തി തുളസിദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയാതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൻവേൽ കോടതിയിൽ ഹാരാജാക്കി കേരളത്തിലേക്ക് കൊണ്ട് പോകുവാനുള്ള നടപടികൾ പൂർത്തിയാക്കി.

കുറ്റവാളികളെ പിടിക്കാൻ സഹായിച്ചതിന് സാമൂഹിക പ്രവർത്തകരായ രമേശ് കലമ്പൊലി, രഞ്ജിത്ത്, റെജി എന്നിവർ ഉൾപ്പെടെയുള്ളവരെ കേരള പോലീസ് അഭിനന്ദിച്ചു. ഇവരെല്ലാം ചേർന്നാണ് പ്രതിയെ കാമൊത്തെ സ്റ്റേഷനിൽ ഏൽപ്പിച്ചത്.

തട്ടിപ്പിനിരയായ വസായിലെയും ഡോംബിവിലിയിലേക്കും പരാതിക്കാരും സ്റ്റേഷനിൽ എത്തിയിരുന്നു. ഡോംബിവ്‌ലി നിവാസിയായ മംഗളൻ എന്ന യുവാവിന് നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്.

വിവിധയിടങ്ങളിൽ ആയുർവേദ ചികിത്സയുടെ മറവിൽ ഇയാൾ തിരുമ്മൽ കേന്ദ്രങ്ങൾ നടത്തിയിരുന്നതായും വിവരങ്ങൾ പുറത്ത് വരുന്നു. ആയുർവേദ ഡോക്ടർ തുളസീദാസ് എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ഇയാൾ കൃഷ്ണകുമാർ, മഹേഷ് എന്നീ പേരുകളിലാണ് വഞ്ചന നടത്തിയിരുന്നത്.

കേരളത്തിൽനിന്ന് മുങ്ങിയശേഷം വസായിലാണ് ആദ്യം ആയുർവേദ തിരുമ്മൽ കേന്ദ്രം തുടങ്ങിയത്. അവിടെയുള്ള ഒൻപതോളം പേരെ വഞ്ചിച്ച് മുങ്ങിയ ശേഷമാണ് കാമൊത്തെയിൽ ഇത്തരമൊരു കേന്ദ്രം തുടങ്ങിയത്. പത്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ് വന്നതോടെ കാമൊത്തെയിലെ കേന്ദ്രം നിർത്തി ഇയാൾ കരഞ്ചാടെയിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് വഞ്ചിക്കപ്പെട്ടവർ ചേർന്ന് ഇയാളെ പിടി കൂടുന്നത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here