സോണി സെബാസ്റ്റ്യന് സീറ്റില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരിക്കൂറില്‍ കൂട്ട രാജി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരിക്കൂറില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി. സജീവ് ജോസഫാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതൃത്വം നിരാകരിച്ചതിന് പിന്നാലെയാണ് കൂട്ടരാജി.

സോണി സെബാസ്റ്റ്യൻ കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു. ഇരിക്കൂറിൽ ഏകപക്ഷീയമായ സ്ഥാനാർഥി പ്രഖ്യാപനമെന്ന് സോണി സെബാസ്റ്റ്യൻ പ്രതികരിച്ചു. സോണി സെബാസ്റ്റ്യന് പിന്നാലെ 22 ഡിസിസി അംഗങ്ങളും 13 മണ്ഡലം പ്രസിഡന്റുമാരും രാജി വച്ചു.

സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം നടന്നിരുന്നു. സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ കൂട്ട രാജിയെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഭീഷണി മു‍ഴക്കിയിരുന്നു.

സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ എ ഗ്രൂപ്പ് സോണിയാ ഗാന്ധിക്ക് ഫാക്സ് അയക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here