ഓര്‍മ്മയില്‍ ദേവരാജന്‍ മാസ്റ്റര്‍

ആയിരം പാദസരങ്ങള്‍ കിലുങ്കി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി, സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ തുടങ്ങി അനശ്വരങ്ങളായ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ കാതോരത്ത് നിത്യം ജീവിക്കുന്ന ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് പതിനാല് വര്‍ഷത്തിലേറെയായി. ഇന്ന് അദ്ദേഹത്തിന്റെ 93-ാം ജന്മവാര്‍ഷിക ദിനമാണ്.

1927 സെപ്റ്റംബര്‍ 27ന് കൊല്ലം പരവൂരിലാണ് അദ്ദേഹത്തിന്റെ ജനനം. പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ദേവരാജന്‍ മാസ്റ്റര്‍ എന്നാണ് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്നത്. വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി, പി.ഭാസ്‌കരന്‍ ഉള്‍പ്പെടെയുള്ള വിഖ്യാത ഗാനരചയിതാക്കളുടെ കവിത തുളുമ്പുന്ന വരികള്‍ നിത്യഹരിതങ്ങളായ ഈണം നല്‍കി അദ്ദേഹം മലയാളത്തിന് സമ്മാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളിലൂടെ…

അച്ഛന്റെ കീഴിലായിരുന്നു സംഗീത പഠനം. പതിനെട്ടാം വയസ്സില്‍ അരങ്ങേറ്റം നടത്തി, ശേഷം സംഗീതക്കച്ചേരികള്‍ നടത്തി ത്തുടങ്ങി. തൃശ്ശിനാപ്പളളി റേഡിയോ നിലയത്തിലൂടെ സംഗീതക്കച്ചേരി ആദ്യമായി പ്രക്ഷേപണം ചെയ്തു. പിന്നീട് കെ പി എ സിയ്ക്കു വേണ്ടി നാടക ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിതുടങ്ങി. കാലം മാറുന്നു’ എന്ന സിനിമയ്ക്കാണ് ദേവരാജന്‍ മാസ്റ്റര്‍ ആദ്യമായി സംഗീതം നല്‍കിയത്.

1959 മുതല്‍ പിന്നീട് വയലാര്‍ – ദേവരാജന്‍ എന്ന മലയാളത്തിന്റെ ഏറെ പ്രശസ്തമായ കൂട്ടുകെട്ട് തുടങ്ങുകയായിരുന്നു. ആദ്യ സിനിമ ചതുരംഗം, പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റ്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി രണ്ടായിരത്തിനടുത്ത് ഗാനങ്ങള്‍ മാസ്റ്റര്‍ സംഗീതം നല്‍കി പുറത്തിറക്കിയിട്ടുണ്ട്. 2006 മാര്‍ച്ച് 15നാണ് മാസ്റ്റര്‍ ഓര്‍മ്മയായത്.

മലയാളത്തില്‍ മുന്നൂറോളം സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസും ഭാവഗയാകന്‍ പി.ജയചന്ദ്രനുമാണ് അദ്ദേഹത്തിന്റെ ഏറ്റവുമധികം ഗാനങ്ങള്‍ പാടിയിട്ടുള്ളത്. തങ്ങളുടെ പിതാമഹനായിട്ടാണ് ഇരുവരും അദ്ദേഹത്തെ ഓര്‍ക്കാറുള്ളത്. മലയാള സംഗീത ലോകത്ത് ഏറ്റവും കൂടുതല്‍ രാഗങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സംഗീത സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

ആയിരം പാദസരങ്ങള്‍ കിലുങ്ങി, കായാമ്പൂ, സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി, പാലാഴിക്കടവില്‍, പെരിയാറേ പെരിയാറേ, സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന, ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍, മാനിനി നദിയില്‍, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും, സ്വര്‍ഗപുത്രീ, ഉദയഗിരികോട്ടയിലെ, നളചരിതത്തിലെ, യവനസുന്ദരീ, ഇഷ്ടപ്രാണേശ്വരി, സംഗമം സംഗമം, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു, കൈതപ്പുഴക്കായലിലെ, പത്മതീര്‍ത്ഥമേ ഉണരൂ, മാണിക്യവീണയുമായെന്‍…

മേലേമാനത്തെ നീലിപ്പുലയിക്ക്, പതിനാലാം രാവുദിച്ചത്, പ്രാണനാഥനെനിക്ക് നല്‍കിയ, താഴമ്പൂ മണമുളള തണുപ്പുളള രാത്രിയില്‍, പഞ്ചാരപ്പാലു മിഠായി, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, പ്രിയതമാ പ്രിയതമാ, അമ്പലക്കുളങ്ങരെ, ഉജ്ജയിനിയിലെ ഗായിക, ആയിരം പാദസരങ്ങള്‍ കിലുങ്ങി, മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, ഏഴു സുന്ദര രാത്രികള്‍, മുള്‍ക്കിരീടമെന്തിനു തന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും തുടങ്ങി മനോഹരങ്ങളായ എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി ഇറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News