
ആവേശം തീർത്ത അണികൾക്കിടയിലൂടെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിയ ജോസ് കെ.മാണി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനായി കയറിയപ്പോഴും, തിരികെ ഇറങ്ങിയപ്പോഴും മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
പുലർച്ചെ പള്ളിയിൽ എത്തി പ്രാർത്ഥനകളോടെയാണ് ജോസ് കെ.മാണി നാമനിർദേശ പത്രികാ സമർപ്പണത്തിനായി ഒരുങ്ങിയത്. തുടർന്നു, പാലാ കത്തീഡ്രൽ പള്ളിയിലെ പിതാവിന്റെ സെമിത്തേരിയിൽ എത്തി പ്രാർത്ഥിച്ചു. പത്രിക സമർപ്പണത്തിനു പുറപ്പെടും മുൻപ് രാവിലെ അരമണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥനയ്ക്കായി ജോസ് കെ.മാണി സമയം കണ്ടെത്തി.
തുടർന്നു, മാതാവ് കുട്ടിയമ്മയുടെ കാൽ തൊട്ടു വന്ദിച്ച്, പിതാവ് കെ.എം മാണിയുടെ ചിത്രത്തിൽ തൊട്ട് അനുഗ്രഹം തേടി. കുടുംബത്തോടൊപ്പം പ്രാർത്ഥനകൾക്കു ശേഷം രാവിലെ 11.30 നാണ് അദ്ദേഹം വീട്ടിൽ നിന്നും പുറപ്പെട്ടത്.
തുടർന്ന്, പാലാ കുരിശ് പള്ളിയിൽ എത്തി മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ചു. ഇവിടെ കാത്തു നിന്ന പ്രവർത്തകരുടെ അണമുറിയാത്ത മുദ്രാവാക്യവും, കട്ടൗട്ടുകളും ചിത്രങ്ങളും വായുവിലുയർന്നു പറന്നിരുന്നു. ഈ ആവേശത്തിനിടയിലൂടെയാണ് അദ്ദേഹം ഓഫിസിലെത്തി പത്രിക സമർപ്പിച്ചത്. ഇതിനു പിന്നാലെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിലൊരുക്കിയ ഹരിത ബൂത്തും അദ്ദേഹം സന്ദർശിച്ചു.
മുതിർന്ന എൽ.ഡി.എഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, ബാബു ജോർജ്, ബെന്നി മൈലാട്, സിബി തോട്ടുപുറം, അഡ്വ. സണ്ണി ഡേവിഡ്, ഫിലിപ്പ് കുഴികുളം, ലോപസ് മാത്യു, ജോസ് ജോൺ, പാല നഗരസഭ അദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബേബി ഉഴുത്തുവാൽ എന്നിവർ നാമ നിർദേശ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
അച്ചാച്ചൻ പത്രിക കൈമാറുന്നത് കണ്ണടച്ചുള്ള പ്രാർത്ഥനക്ക് ശേഷമാണ്. പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്വർഗസ്ഥനായ അച്ചാച്ചനിൽ നിന്നും താൻ അനുഗ്രഹം ഏറ്റുവാങ്ങിയതായി ജോസ് കെ മാണി പറഞ്ഞു.
2004 മുതൽ മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും ജോസ് കെ മാണി ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞടുപ്പ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേരള കോൺഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെത്തുന്നത്. ഇടതു മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി മത്സരിക്കുന്ന ആദ്യ തെരഞ്ഞടുപ്പാണ് ഇത്. പാലാക്കാരും ദൈവവും തനിക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസത്തിൽ ജോസ് കെ മാണി പുഞ്ചിരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here