
കുതിരാൻ തുരങ്കം തുറക്കുന്നതിന് മുന്നോടിയായി തുരങ്കത്തിനുള്ളിലെ ലൈറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ തെളിച്ചു. കെ രാജൻ എംഎൽഎ നൽകിയ ഹർജിയെത്തുടർന്ന് 31നകം ഒരു തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കരാർ കമ്പനിയായ കെഎംസി കേരള ഹൈക്കോടതിയിൽ ഉറപ്പുനൽകിയിട്ടുണ്ട്.
ഇതേത്തുടർന്ന് തിരക്കിട്ട പണികളാണ് നടക്കുന്നത്.
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ നിർമിച്ച ഇടത് തുരങ്കം തുറക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി അധികൃതർ സന്ദർശിച്ചു. തുരങ്കത്തിനുള്ളിലെ ലൈറ്റുകളും മറ്റും പരീക്ഷണാടിസ്ഥാനത്തിൽ തെളിച്ച് സ്ഥിതിഗതി വിലയിരുത്തി. തുരങ്കത്തിനുള്ളിൽ ലൈറ്റുകൾക്കുപുറമെ, ക്യാമറകൾ, എക്‌സോസ്റ്റ് ഫാൻ തുടങ്ങിയവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ഏകോപിപ്പിക്കുന്നതിനുള്ള കൺട്രോൾ റൂമിന്റെ പണി തുരങ്കത്തിന് പുറത്ത് പുരോഗമിക്കുകയാണ്.
തുരങ്കത്തിന് മുകളിലായി മണ്ണ് നീക്കംചെയ്ത് ഇടിയാതിരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവ തട്ടുതട്ടായി മുകളിൽ നിന്നും താഴേക്ക് ചാൽ നിർമിച്ച് തുരങ്കത്തിനുള്ളിലെ ചാലിലേക്ക് ബന്ധിപ്പിക്കും. പണികൾ പൂർത്തിയാകുന്നതോടെ ദേശീയപാത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സ്വതന്ത്ര ഏജൻസി തുരങ്കത്തിൽ സുരക്ഷാ പരിശോധന നടത്തും. അതിനുശേഷം തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതിനുള്ള തീരുമാനമെടുക്കും.
2016 മെയിൽ ആരംഭിച്ച തുരങ്കനിർമാണം അഞ്ച് വർഷമായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. കേന്ദ്രസർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥമൂലം പണി പൂർത്തിയായില്ല. അശാസ്ത്രീയമായ നിർമാണംമൂലം കുതിരാൻ മല ഇടിഞ്ഞു. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാത്തതിനെത്തുടർന്നുള്ള പണിമുടക്കും നിർമാണം തടസ്സപ്പെടുത്തി. കുതിരാനിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്. ഇതേത്തുടർന്നാണ് പ്രശ്‌ന പരിഹാരത്തിനായി കെ രാജൻ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് മാർച്ചിൽ ഒരു തുരങ്കം തുറക്കാമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ കോടതിയെ അറിയിച്ചിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here