അസ്​ഹറുദ്ദീന്‍ കാട്ടിയ വഴിയെ ബാറ്റുവീശി ജിന്‍സി, മുംബൈയെ മലര്‍ത്തിയടിച്ച്‌​ വനിതകളും

വന്‍തോക്കുകളെ എങ്ങനെ വീഴ്​ത്തണമെന്ന്​ പുരുഷകേസരികള്‍ കാട്ടിയ വഴിയേ ബാറ്റുവീശി കേരളത്തി​ന്‍റെ വനിതാ ക്രിക്കറ്റ്​ ടീമും. വനിതാ സീനിയര്‍ ഏകദിന ടൂര്‍ണമെന്‍റില്‍ കരുത്തരായ മുംബൈയെ ടി. ഷാനിയും സംഘവും തകര്‍ത്തുവിട്ടത്​ 47 റണ്‍സിന്​. ആദ്യം ബാറ്റുചെയ്​ത കേരളം സെഞ്ച്വറി നേടിയ ജിന്‍സി ജോര്‍ജിന്‍റെയും (107 നോട്ടൗട്ട്​) മിന്നുമണിയുടെയും (56) മിടുക്കില്‍ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിന്​ 233 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക്​ ഒമ്ബതു വിക്കറ്റ്​ നഷ്​ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇ​​ന്ദോര്‍ എസ്​.എസ്​ ക്രിക്കറ്റ്​ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ്​ നേടിയ മുംബൈ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒമ്ബതു റണ്‍സെടുത്ത ഭൂമികയും 21 റണ്‍സുമായി ക്യാപ്​റ്റന്‍ ഷാനിയും പുറത്തായപ്പോള്‍ കേരളം രണ്ടിന്​ 51. 11 റണ്‍സുമായി അക്ഷയയും തിരിച്ചുകയറിയതോടെ 15ാം ഓവറില്‍ മൂന്നുവിക്കറ്റിന്​ 66 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ഈ ഘട്ടത്തില്‍ ഒത്തുചേര്‍ന്ന ജിന്‍സിയും മിന്നുമണിയും സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. 77പന്തില്‍ എട്ടു ഫോറടക്കം 56ലെത്തിയ മിന്നുമണി പുറത്താകു​േമ്ബാള്‍ കേരളം 186 റണ്‍സിലെത്തിയിരുന്നു. ഐ.വി. ദൃശ്യ 12 റണ്‍സെടുത്ത്​ പുറത്തായശേഷം എസ്​. സജന ഏഴു റണ്‍സുമായി ജിന്‍സിക്ക്​ കൂട്ടുനിന്നു. 143 പന്തില്‍ 13 ഫോറുകളടങ്ങുന്നതാണ്​ ജിന്‍സിയുടെ ഇന്നിങ്​സ്​.

മറുപടി ബാറ്റിങ്ങില്‍ മുംബൈക്കുവേണ്ടി വൃശാലി ഭഗത്​ ​ (52) മാത്ര​മേ തിളങ്ങിയുള്ളൂ. മിന്നുമണിയും അക്ഷയയും രണ്ടു വിക്കറ്റ്​ വീതം നേടിയ​പ്പോള്‍ സജന, മൃദുല, ജിപ്​സ വി. ജോസഫ്​, ഭൂമിക എന്നിവര്‍ ഓരോ വിക്കറ്റ്​ വീഴ്​ത്തി. ജയത്തോടെ കേരളത്തിന്​ നാലു പോയന്‍റ്​ സ്വന്തമായി. പുരുഷ വിഭാഗം ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ മുഹമ്മദ്​ അസ്​ഹറുദ്ദീന്‍റെ സെഞ്ച്വറിയുടെ മികവില്‍ ഈ സീസണില്‍ കേരളം മുംബൈക്കെതിരെ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News