കേന്ദ്രത്തിന് താക്കീയായി കര്‍ഷക മുന്നേറ്റം; കുത്തക വിരുദ്ധം ദിനമാചരിച്ച് കര്‍ഷകര്‍

മോഡി സർക്കാരിന്‍റെ തീവ്രസ്വകാര്യവൽക്കരണ നയങ്ങൾക്ക്‌ താക്കീതായി രാജ്യവ്യാപകമായി കർഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധം. കർഷകസംഘടനകൾ തിങ്കളാഴ്‌ച കുത്തകവിരുദ്ധ ദിനമാചരിച്ചപ്പോൾ സംഘപരിവാർ അനുകൂല ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ്‌യൂണിയനുകൾ സ്വകാര്യവൽക്കരണ വിരുദ്ധ ദിനമാചരിച്ചു. കർഷകരും തൊഴിലാളികളും സംയുക്തമായി റെയിൽവേസ്‌റ്റേഷനുകൾക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധയോഗങ്ങളും റാലികളും സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ഒരു ലക്ഷത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ ചേർന്നു. ഗ്രാമീണ മേഖലകളിൽ കർഷകരും പ്രതിഷേധിച്ചു.

ഡൽഹിയിൽ ന്യൂഡൽഹി റെയിൽവേസ്‌റ്റേഷന്‌ മുന്നിൽ ട്രേഡ്‌യൂണിയൻ പ്രവർത്തകർ പ്രതിഷേധിച്ചു. വീരേന്ദർ ഗൗർ (സിഐടിയു), അമർജിത്ത്‌ കൗർ (എഐടിയുസി), രാജേന്ദർ (എച്ച്‌എംഎസ്‌) തുടങ്ങിയവർ സംസാരിച്ചു. ബാങ്കുകളടക്കം പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ വിറ്റഴിക്കുന്ന മോഡി സർക്കാരിനെ നേതാക്കൾ നിശിതമായി വിമർശിച്ചു. ഇന്ധന വിലവർധ തൊഴിലാളികളെയും കർഷകരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണെന്നും ട്രേഡ്‌യൂണിയൻ നേതാക്കൾ പറഞ്ഞു.

കേന്ദ്ര നയങ്ങൾക്കെതിരായി ഇതാദ്യമായാണ്‌ തൊഴിലാളികളും കർഷകരും യോജിച്ചുള്ള പ്രക്ഷോഭം. മാർച്ച്‌ 26ന്‌ ഭാരത്‌ ബന്ദ്‌ അടക്കമുള്ള തുടർപ്രക്ഷോഭപരിപാടികളും തീരുമാനിച്ചിട്ടുണ്ട്‌. അദാനി പോലുള്ള കുത്തകകളെ സഹായിക്കുന്നതിനായി മോഡി സർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ്‌ കർഷകസംഘടനകൾ സമരത്തിലുള്ളത്‌. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നാല്‌ തൊഴിൽ നിയമത്തിനെതിരായി ട്രേഡ്‌യൂണിയനുകളും സമരരംഗത്താണ്‌. തുടർന്നുള്ള സമരപരിപാടികളിലും ആവേശപൂർവം പങ്കാളികളാകണമെന്ന്‌ കർഷകരോടും തൊഴിലാളികളോടും കിസാൻമോർച്ച അഭ്യർഥിച്ചു.

ബംഗാളിൽ 
കിസാൻമോർച്ച പ്രചാരണം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ബംഗാളിൽ ഒരു കാരണവശാലും ബിജെപിക്ക്‌ വോട്ടുചെയ്യരുതെന്ന ആഹ്വാനവുമായി സംയുക്ത കിസാൻമോർച്ച നേതാക്കൾ നടത്തുന്ന പര്യടനം തുടരുന്നു. കൊൽക്കത്ത, നന്ദിഗ്രാം എന്നിവിടങ്ങളിൽ കിസാൻമോർച്ച മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചു. രാകേഷ്‌ ടിക്കായത്ത്‌, ഹന്നൻ മൊള്ള തുടങ്ങിയ കർഷകനേതാക്കൾ സംസാരിച്ചു. ബിജെപിയെ തോൽപ്പിക്കണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു.

ഗ്രാമി വേദിയിലും കർഷക പ്രക്ഷോഭ അലയൊലി

നരേന്ദ്ര മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ തുടരുന്ന ഐതിഹാസിക കർഷക പ്രക്ഷോഭത്തിന്‌ ലൊസ് അഞ്ചലസിലെ ഗ്രാമി പുരസ്കാര വേദിയിലും അലയൊലി. യൂട്യൂബർ ലില്ലി സിങ്ങാണ്‌ ‘ഞാൻ കർഷകർക്കൊപ്പം ’ എന്നെഴുതിയ മുഖാവരണം ധരിച്ച്‌ അവാർഡ്‌ ചടങ്ങിനെത്തിയത്. കറുത്ത വസ്ത്രവും മാസ്കുമണിഞ്ഞ്‌ ഗ്രാമിയുടെ ചുവന്ന പരവതാനിയിൽ ലില്ലി നില്‍ക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ തരം​ഗമായി. പോപ്‌ ഗായിക റിഹാന, നടി മിയ ഖലിഫ, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൺബർഗ്‌ തുടങ്ങിയവർ കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News