മുംബൈ വിമാനത്താവളത്തിൽ വ്യാജ കോവിഡ് -19 റിപ്പോർട്ടുകൾ കണ്ടെത്തി

മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ചില യാത്രക്കാർ കോവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കാൻ വ്യാജ പരിശോധന റിപ്പോർട്ടുകൾ നൽകുന്നത് കണ്ടെത്താനായെന്ന് അധികൃതർ അറിയിച്ചു.

ആർ‌ടി-പി‌സി‌ആർ‌ പരിശോധന ഫലങ്ങളുടെ കൃത്യത കണ്ടെത്തുന്നതിനുള്ള സംവിധാനമില്ലാത്തതിനാൽ ഓരോ യാത്രക്കാരുടെയും റിപ്പോർട്ടിന്റെ ആധികാരികത പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വരുന്നതും വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.

ദില്ലി, ഗുജറാത്ത്, ഗോവ, രാജസ്ഥാൻ കേരള എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് നൽകണമെന്നാണ് മാർഗനിർദ്ദേശം.

അല്ലാത്തപക്ഷം, സ്വന്തം ചെലവിൽ അവർ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകണം. മുംബൈയിലെത്തുന്ന യാത്രക്കാർക്ക് രോഗമില്ലെന്ന് ഉറപ്പ് വരുത്താൻ നിയോഗിക്കപ്പെട്ട ടീമിനാണ് വ്യാജ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ തലവേദനയായിരിക്കുന്നത്.

ചില യാത്രക്കാർ മറ്റാരുടെയെങ്കിലും കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട് ഫോട്ടോഷോപ്പിന്റെ സഹായത്തോടെ തീയതിയും പേരും പാൻ നമ്പറും മാറ്റി അഞ്ച് മിനിറ്റിനുള്ളിൽ, വ്യാജ ആർ‌ടി-പി‌സി‌ആർ റിപ്പോർട്ടുകൾ ഉണ്ടാക്കിയെടുക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞെന്നാണ് അധികൃതർ പറയുന്നത് .

ഇക്കഴിഞ്ഞ ദിവസം സംശയം തോന്നിയ ബാന്ദ്ര ആസ്ഥാനമായുള്ള ഒരു കുടുംബത്തെ ബിഎംസി തടഞ്ഞു വച്ച് വീണ്ടും പരിശോധനക്ക് വിധേയരാക്കി. വിമാനത്താവളത്തിലെ ആർ ടി പി സി ആർ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് കാണിക്കുകയായിരുന്നു. അപ്പോഴാണ് ഇവരുടെ കൈവശമുണ്ടായിരുന്ന കോവിഡ്-നെഗറ്റീവ് റിപ്പോർട്ട് വ്യാജമാണെന്ന് വെളിപ്പെട്ടത്.

പരിശോധന ഒഴിവാക്കാൻ യാത്രക്കാർ ഉപയോഗിക്കുന്ന മറ്റൊരു തന്ത്രം അയൽ സംസ്ഥാനങ്ങൾ വഴി മുംബൈയിലേക്ക് പ്രവേശിക്കുന്ന പ്രവണതയാണ്. ഉദാഹരണത്തിന്, ഗോവയിൽ നിന്ന് വരുന്ന ചില യാത്രക്കാർ ബെംഗളൂരുവിലെത്തി വീണ്ടും മുംബൈയിലേക്ക് പറന്നതായി ബിഎംസി റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ റിപ്പോർട്ടുകൾ കാണിക്കേണ്ടതില്ലാത്തതിനാൽ അവർ വിമാനത്താവളത്തിൽ സ്‌ക്രീനിംഗ് ഒഴിവാക്കുന്നു. ഒരു യാത്രക്കാരൻ അവരുടെ യാത്രാ ചരിത്രം വെളിപ്പെടുത്തിയില്ലെങ്കിൽ, അത് ക്രോസ് ചെക്ക് ചെയ്യാനും കഴിയാതെ വരുന്നതായും ബിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു.

രോഗവ്യാപനം തടയുവാനും ജനങ്ങളെ സംരക്ഷിക്കുവാനും നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങളെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മറി കടക്കാൻ ശ്രമിക്കുന്നത് രാജ്യത്തോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. മാത്രമല്ല ഇത്തരം അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാനദണ്ഡങ്ങൾ പാലിച്ചു നഗരത്തിലെത്തുന്ന വലിയൊരു വിഭാഗം യാത്രക്കാരെ കൂടിയാണ് അനാവശ്യമായി സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News