‘കെപിസിസി ഓഫീസ് ബാര്‍ബര്‍ ഷോപ്പായി’; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്ക‍ള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വീണ്ടും കെ സുധാകരന്‍; സുധാകരന് മറുപടിയുമായി ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോ‍ഴും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം പ്രഖ്യാപിക്കാന്‍ ക‍ഴിഞ്ഞ പട്ടികയിലും അഭിപ്രായ ഐക്യത്തിലെത്താന്‍ ക‍ഴിയാതെ നേതാക്കള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വ്യക്തി താല്‍പര്യങ്ങള്‍ക്കെതിരെ നേതാക്കള്‍ പരസ്പരം പോര് തുടരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെയ്പ്പായെന്ന് അന്തിമപട്ടിക പുറത്തുവരുംമുന്നെ കെ സുധാകരന്‍ പര്യമായി പ്രതികരിച്ചിരുന്നു. ഇതേ നിലപാട് ഒന്നുകൂടി കടുപ്പിച്ചിരിക്കുകയാണ് പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരന്‍.

സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് കെ സി വേണുഗോപാലിനെതിരെയും രമേശ് ചെന്നിത്തലയ്ക്കെതിരെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് കെ സുധാകരന്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും എല്ലാ പ്രത്യാശയും നഷ്ടപ്പെട്ടുവെന്നും പറഞ്ഞ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ താന്‍ അതൃപ്തനാണെന്നും തുറന്നടിച്ചു.

തന്‍റെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നും അതിന് ആരെയും ഭയപ്പെടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം കെപിസിസി നേതാക്കള്‍ക്കായിരിക്കുമെന്ന് പറഞ്ഞ സുധാകരന്‍ കെപിസിസി ഓഫീസ് ബാര്‍ബര്‍ ഷോപ്പായി മാറിയെന്നും തുറന്നടിച്ചു. എന്നാല്‍ കെ സുധാകരന് മറുപടിയുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും രംഗത്തെത്തി.

മികച്ച പട്ടികയാണ് കോണ്‍ഗ്രസിന്‍റേതെന്നും വിപ്ലവകരമാണ് ഇത്തവണത്തെ പട്ടികയെന്നും കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പെട്ടന്നുള്ള ആലോചനയില്‍ നിന്നല്ല കോണ്‍ഗ്രസിന്‍റെ പട്ടികയുണ്ടായതെന്നും പല നിലകളിലുള്ള ആലോചനക‍ള്‍ക്ക് ശേഷമാണ് പട്ടിക രൂപീകരിച്ചതെന്നും മുല്ലപ്പള്ളിയും പ്രതികരിച്ചു.

കെ സുധാകരനുമായി ചെന്നിത്തല അകലുന്നതിന്‍റെയും മുല്ലപ്പള്ളിയെയും കെസി വേണുഗോപാലിനെയും കൂട്ടുപിടിച്ച് ഉമ്മന്‍ചാണ്ടിയെയും കെ സുധാകരനെയും ഒതുക്കാനുമുള്ള ശ്രമമായാണ് ഇതെന്നാണ് കെ സുധാകരന്‍ ഉമ്മന്‍ചാണ്ടി പക്ഷത്തിന്‍റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News