ലതിക സുഭാഷിന്റെ പ്രതിഷേധം അങ്ങേയറ്റം വേദനിപ്പിച്ചു; ഇനി കോണ്‍ഗ്രസിന് വനിതാ സംവരണത്തെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല: സുരേഷ് ഗോപി

ലതിക സുഭാഷിന്റെ പ്രതിഷേധം അങ്ങേയറ്റം വേദനിപ്പിച്ചു; ഇനി കോണ്‍ഗ്രസിന് വനിതാ സംവരണത്തെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല: സുരേഷ് ഗോപി

കൊച്ചി: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നാലെ ലതിക സുഭാഷ് നടത്തിയ പ്രതിഷേധം തന്നെ വേദനിപ്പിച്ചെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. 33 ശതമാനം വനിതാ സംവരണത്തെപ്പറ്റി പാര്‍ലമെന്റില്‍ ഇനി സംസാരിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ വിജയസാധ്യതയേക്കാള്‍ മത്സരസാധ്യതയാണ് കൂടുതലുള്ളതെന്നും പാര്‍ട്ടി നിര്‍ദേശിച്ച 4 മണ്ഡലങ്ങളില്‍ നിന്ന് താനാണ് തൃശൂര്‍ തെരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനവുമായി മുന്നോട്ടുപോകും. പിന്‍വാങ്ങാന്‍ വേണ്ടിയല്ല സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. യു.ഡി.എഫിനെ വെല്ലുവിളിച്ചാല്‍ ലതിക സുഭാഷിന് നിലനില്‍പ്പേ ഉണ്ടാകില്ല. ലതികയുടെ വിമതവേഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.

യു.ഡി.എഫ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ആര് അതിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കിയാലും കഴിയില്ല. വ്യക്തികള്‍ക്കല്ല പ്രാധാന്യം. പ്രസ്ഥാനത്തിനാണ്. ആ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുമെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോട്ടയത്തെ യു.ഡി.എഫ് നേതാക്കളും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് കഴിഞ്ഞ ദിവസം ലതിക സുഭാഷിന്റെ വീട്ടിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here