‘തല തന്നെ അറുത്തു വെച്ചാലും ഈ നേതാക്കള്‍ക്ക് കുലുക്കമുണ്ടാവില്ല,’; ലതിക സുഭാഷിന്റെ മുടി പോയെന്നല്ലാതെ വേറെ ഗുണമുണ്ടാവില്ലെന്ന് കോടിയേരി

കോണ്‍ഗ്രസ് സീറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കെപിസിസി അംഗത്വം രാജിവെക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്ത ലതികാ സുഭാഷിന്റെ നടപടിയില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. ഈ പ്രതിഷേധം കൊണ്ടൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുലുങ്ങില്ലെന്നും ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് വീഴ്ചയാണെന്നും കോടിയേരി പറഞ്ഞു.

ലതികാ സുഭാഷ് സാധാരണ ഒരു വനിതാ പ്രവര്‍ത്തകയല്ല.മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. അങ്ങനെ ഒരു പ്രസിഡന്റിനു പോലും ഒരു സീറ്റ് എവിടെയും കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

‘കെപിസിസി ഓഫീസിന്റെ മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്താലെങ്കിലും ഇവര്‍ ചിന്തുക്കുമെന്ന് വിചാരിച്ചായിരിക്കും തലമുണ്ഡനം ചെയ്തത്. ഇവരുടെ മുന്നിലൊക്കെ പോയി തല മുണ്ഡനം ചെയ്തിട്ട് വല്ല കാര്യമുണ്ടോ. ആരെങ്കിലും കഠിന ഹൃദയരായ നേതാക്കളുടെ മുന്നില്‍ വെച്ച് തലമുണ്ഡനം ചെയ്യുമോ. തതല തന്നെ അറുത്ത് വെച്ചാലും അവരുടെ നേതാക്കള്‍ക്ക് കുലുക്കമുണ്ടാവില്ല, പാവം ലതികാ സുഭാഷിന് മുടി പോയെന്നല്ലാതെ ഗുണമൊന്നുമുണ്ടാവുമെന്ന് തോന്നുന്നില്ല,’ കോടിയേരി പറഞ്ഞു.

കഴിഞ്ഞ തവണ നേമത്ത് നടപ്പിലാക്കിയ അതേ തന്ത്രം മലമ്പുഴയില്‍ ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് നീക്കം. യുഡിഎഫും ജമാ അത്തെ അസ്ലാമിയുമായുള്ള കൂട്ട് കെട്ട് പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന് തുടര്‍ ഭരണം എന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറകേ പോവില്ലെന്നും മുരളീധരന് നേമത്ത് ജയിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ എംപി സ്ഥാനം രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവണം. ഒരു കാല്‍ ലോകസഭയിലും ഒരു കാല്‍ നിയമസഭയിലും എന്ന നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

മലമ്പുഴയില്‍ ദുര്‍ബലനായ ആര്‍ക്കുമറിയാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സിപിഐഎം ബിജെപി ധാരണയുടെ ഭാഗമായാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി നല്‍കി കോടിയേരി ബാലകൃഷ്ണന്‍. മലമ്പുഴയില്‍ എ പ്രഭാകരന്‍ ശക്തനായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്നും കോണ്‍ഗ്രസ്‌കാരെപ്പോലെ പത്രാസില്‍ നടക്കുന്ന ആളല്ലാത്തതു കൊണ്ടായിരിക്കും അത്തരമൊരു ആരോപണമെന്നും കോടിയേരി പ്രതികരിച്ചു.

‘മലമ്പുഴയില്‍ എല്ലാവര്‍ക്കുമറിയുന്ന സ്ഥാനാര്‍ത്ഥിയാണ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി അംഗമായിരുന്നു. പത്ത് വര്‍ഷം മുമ്പ് അവിടെ സ്ഥാനാര്‍ത്ഥിയായ ചുമരെഴുത്ത് നടത്തിയ ആളാണ്. പിന്നീട് വിഎസ് അച്യതാനന്ദന്‍ മത്സരിക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ മാറിക്കൊടുത്ത നേതാവാണ് കെ പ്രഭാകരന്‍. അന്നു മുതലേ സുപരിചിതനാണ്. സിഐടിയു നേതാവാണ്. ജനങ്ങള്‍തക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ്. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ്‌കാരെ പോലെ പത്രാസോടു കൂടി നടക്കുന്ന ആളല്ല. ജനങ്ങള്‍ക്കിടയിലും കൃഷിക്കാര്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന ആളായത് കൊണ്ട് അദ്ദേഹത്തിന്റെ ഷര്‍ട്ട് ചുളിഞ്ഞതായിരിക്കും. അവര്‍ക്ക് ശക്തനായി തോന്നണമെങ്കില്‍ അങ്ങനെയുള്ള രൂപഭാവനയൊക്കെ വേണം. അത്തരം രൂപഭാവനയൊക്കെ ഉള്ളത് കൊണ്ടായിരിക്കും അങ്ങനെ അവര്‍ പറയുന്നത് എന്ന് തോന്നുന്നു,’

CPIM

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News