തലസ്ഥാനത്ത്‌ എൽഡിഎഫിന്‌ വനിതാ സ്ഥാനാർഥിയില്ലെന്ന്‌ വ്യാജവാർത്തയുമായി മനോരമ

തലസ്ഥാന ജില്ലയിൽ എൽഡിഎഫിന്‌ വനിതാ സ്ഥാനാർഥിയില്ലെന്ന പച്ചക്കള്ളവുമായി മനോരമ. ബിജെപിക്കും കോൺഗ്രസിനും ഓരോ വനിതാ സ്ഥാനാർഥികൾ ജില്ലയിൽ മത്സരിക്കുന്നുണ്ടെന്നും എൽഡിഎഫിന്‌ വനിതാ സ്ഥാനാർഥി ഇല്ലെന്നുമാണ്‌ ചൊവ്വാഴ്‌ച മനോരമ പത്രത്തിലെ വാർത്ത.

ആറ്റിങ്ങൽ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി വനിതയായ ഒ എസ്‌ അംബികയാണ്‌ മത്സരിക്കുന്നത്‌. മൂന്നു മുന്നണികളിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫിന്റെ പട്ടികയിൽ ഒ എസ്‌ അംബികയും ഉൾപ്പെട്ടിരുന്നു.ഒ എസ്‌ അംബിക മണ്ഡലത്തിൽ ഒരാഴ്‌ച പര്യടനം പിന്നിടുമ്പോഴാണ്‌ മനോരമയുടെ വ്യാജ വാർത്ത.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന്‌ എൽഡിഎഫ്‌ നേടിയ ആറ്റിങ്ങൽ സീറ്റിലാണ്‌ എൽഡിഎഫ്‌ ഇത്തവണ വനിതയെ പരിഗണിച്ചത്‌.

യുഡിഎഫ്‌ ആകട്ടെ, സിറ്റിങ് സീറ്റുകളിലൊന്നിൽപോലും വനിതയെ പരിഗണിച്ചില്ല. കഴിഞ്ഞ തവണയും എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച പാറശാല മണ്ഡലത്തിലാണ്‌ അൻസജിത റസൽ എന്ന വനിതയെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയത്‌. ബിജെപി, എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ചിറയിൻകീഴിലാണ്‌ തിരുവനന്തപുരം നഗരസഭാ കൗൺസിലറായ വനിതയെ സ്ഥാനാർഥിയാക്കിയത്‌.

കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ മഹിളാ കോൺഗ്രസ്‌ വൻ പ്രതിഷേധമുയർത്തുകയും അധ്യക്ഷ ലതിക സുഭാഷ്‌ തല മുണ്ഡനം ചെയ്യുകയും ചെയ്‌തിരുന്നു. കെപിസിസി സെക്രട്ടറി രമണി പി നായരും സ്ഥാനം രാജിവച്ച്‌ പ്രതിഷേധമുയർത്തി. ഇക്കാര്യങ്ങൾ മറച്ചുവച്ചാണ്‌ മനോരമ എൽഡിഎഫിനെതിരെ വ്യാജവാർത്തയുമായി രംഗത്തെത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News