മധുക്കരയില്‍ ട്രെയിൻ തട്ടി 
കാട്ടാനയ്ക്ക് പരിക്ക്; 16 വര്‍ഷത്തിനിടെ ചരിഞ്ഞത് 27 ആന

കേരള തമിഴ്നാട് അതിർത്തിയിൽ ട്രെയിനിടിച്ച് കാട്ടാനയ്ക്ക് പരിക്ക്. മലമ്പുഴയെ നാളുകളായി വിറപ്പിച്ച “പിടി ടു’എന്ന കൊമ്പനാണിതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാന അതിർത്തിയിൽനിന്ന് 150 മീറ്റർ അകലെ മധുക്കര റേഞ്ചിലെ നവക്കര ഫോറസ്റ്റ് സെക്‌ഷൻ പരിധിയിലാണ് തിങ്കളാഴ്ച രാവിലെ ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

വനാതിർത്തിയിൽ കൃഷിയിടത്തോടും റെയിൽവേ ട്രാക്കിനും ഇടയിലാണ് അവശനിലയിൽ ആന കിടന്നത്. മുൻകാലുകളിലും തലയ്ക്കുമാണ് പരിക്ക്‌. ഇടിയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ആനയ്ക്ക് പ്രഥമശുശ്രൂഷ നൽകി. മറ്റ് ആനകൾ ഇവിടേക്കെത്താൻ സാധ്യതയുള്ളതിനാല്‍ ആനയ്ക്ക്സമീപം കാവൽ ഏർപ്പെടുത്തി.

പുലർച്ചെ ഒന്നരയോടെ പാലക്കാട്നിന്ന് പോയ തിരുവനന്തപുരം –-ചെന്നൈ എക്‌സ്‌പ്രസാണ്‌ ആനയെ ഇടിച്ചതെന്ന് സംശയിക്കുന്നു. ആനകൾക്ക് സ്ഥിരമായി അപകടം സംഭിക്കാറുള്ള ബി ലൈൻ ട്രാക്കിലൂടെ ആന പോകുമ്പോൾ ട്രെയിൻ ഇടിച്ചതാവാമെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറോടെ കോയമ്പത്തൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനപാലകരും ഡോക്ടർമാരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി ആനയെ പരിശോധിച്ചു. വാളയാർ റേഞ്ചിലെ വനപാലകരും സംഭവസ്ഥലത്തെത്തി.

മലമ്പുഴ, ആറങ്ങോട്ടുകുളമ്പ്, കൊട്ടേക്കാട്, വേനോലി, പന്നിമട പ്രദേശങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന ആനക്കൂട്ടത്തിലെ കൊമ്പനാണ് ട്രെയിൻ തട്ടി പരിക്കേറ്റത്‌. ഊരോലിയും എളമ്പ്രക്കാടും കാടിറങ്ങിയെത്തുന്ന ആനകളുടെ താവളമാണ്. റെയിൽവേ ട്രാക്കിനോട് ചേർന്ന സൗരോർജവേലിയും മറികടന്നാണ് ആനകള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്.

വനംവകുപ്പ് ‘പിടി ഫൈവ്, പിടി ടു’ എന്ന് കോഡ് ചെയ്ത കാട്ടാനകളില്‍ പിടി ടു ആണ് ട്രെയിൻ ഇടിച്ചു പരിക്കേറ്റത്. നിരവധി വീടുകളുടെ മതിലുകളും കൃഷിയിടങ്ങളും ഈ ആനകൾ നശിപ്പിച്ചിട്ടുണ്ട്. ‘പിടി ഒന്നു മുതൽ പിടി 14’വരെയുള്ള കോഡില്‍ മുണ്ടൂർ മുതൽ വാളയാർവരെയുള്ള പ്രദേശങ്ങളിലുള്ളതായി 14 ആനകളെ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News