സര്‍ക്കാരിന്‍റെ കിറ്റിനെ പരിഹസിക്കുന്നവർ വിശപ്പിന്റെ ക്രൂര മുഖം കണ്ടിട്ടില്ല: ലക്ഷ്മി രാജീവ്

സര്‍ക്കാരിന്‍റെ കിറ്റിനെ പരിഹസിക്കുന്നവർ വിശപ്പിന്റെ ക്രൂര മുഖം കണ്ടിട്ടില്ലെന്ന് എ‍ഴുത്തുകാരി ലക്ഷ്മി രാജീവ്.  തന്‍റെ പ‍ഴയ ജീവിതാനുഭവം വിവരിച്ചുകൊണ്ടാണ് ലക്ഷ്മി പിണറായി സര്‍ക്കാരിനെ അഭിന്ദിക്കുന്നത്.

സർക്കാരിന്റെ അമ്പരപ്പിക്കുന്ന വികസന പ്രവർത്തനങ്ങളേക്കാൾ ഞാൻ വോട്ടു ചെയ്യുമ്പോൾ ഓർക്കുക ആരും എന്റെ വീട്ടുപടിക്കൽ തെണ്ടാൻ വന്നില്ല.

ഒരാൾക്കും വിശന്നില്ല എന്ന ഓർമ്മ ആയിരിക്കും. പട്ടിണി ഇല്ലാത്ത വീടുകൾ എന്തെല്ലാം ചൂഷണങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിച്ചു കാണുമെന്നും ലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: 

അഞ്ചാം ക്ലാസ്സുവരെ ആൺകുട്ടികൾ കൂടെ പഠിച്ചിരുന്നു . കടലോര ഗ്രാമം ആയിരുന്നതിനാൽ മൽസ്യ ബന്ധന തൊഴിലാളികളുടെ മക്കളും കൂടെ അടുത്തിരുന്നു പഠിച്ചിരുന്നു .
മിക്കവാറും എല്ലാ കുട്ടികളും ഉച്ചക്ക് വീട്ടിൽ നിന്ന് ചോറ് കൊണ്ട് വരും . ഉച്ചയൂണിനുള്ള ബെല്ലടിച്ചാൽ ജോൺസൻ എന്നുപേരുള്ള ഒരു പുറത്തിറങ്ങി നിൽക്കും.

അവൻ ചോറ് കൊണ്ട് വരാറില്ല. ആരും അന്വേഷിക്കാറുമില്ല. ഇലയിൽ പൊതിഞ്ഞ ചോറ് ഒരു ദിവസം ഞാൻ ജോൺസണ് കൊടുത്തു. എന്റെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന പലരുടെയും പേര് ഞാൻ മറന്നു പോയി പക്ഷെ ജോൺസൻ നെ ഞാൻ മറക്കാത്തത് അവന്റെ പട്ടിണിയും അപമാനവും എന്നെ വേട്ടയാടിയത് കൊണ്ടാണ്.

പിന്നെയും ഉണ്ട് ഒരു കാഴ്ച – സ്‌കൂളിൽ എച്ചിൽ കൊണ്ട് കളയുന്നിടത്ത് അത് കഴിക്കാൻ വരുന്ന കുട്ടികൾ. ഞാൻ കണ്ടിട്ടുണ്ട്. കറുത്ത് മെലിഞ്ഞ ഉടുപ്പിടാത്ത കുട്ടികൾ. കൂടെ പട്ടികളും.
ചെറിയ കുട്ടിയായിരുന്നു. ഒരു അധ്യാപകരും അത് തടഞ്ഞില്ല. ഗവൺമെന്റ് എയ്ഡഡ് പ്രൈവറ്റ് സ്‌കൂളായിരുന്നു.

എന്നാലും ആ പാപ കർമ്മം എന്നെ എത്രയോ നാൾ വേട്ടയാടി. അച്ഛനോട് പറയാമെന്നോർത്തപ്പോൾ ആ വർഷം അച്ഛൻ കടുത്ത ഹൃദ്രോഗ ബാധയാൽ പൊതു പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങിയിരുന്നു. ഏതാണ്ട് പത്തു വയസിൽ തന്നെ ജീവിതം അതിന്റെ വൈവിധ്യങ്ങൾ കൊണ്ട് എന്നെയും നിശബ്ദമാക്കിയിരുന്നു.

കൊറോണ കാലത്ത് അത് ആവർത്തിക്കുമായിരുന്നു. ഒരാൾ പട്ടിണി കിടന്നിട്ടില്ല. ഒരാളും നമ്മളുടെ എച്ചിൽ എടുക്കാൻ വന്നില്ല. ഒരു പത്തു വയസുകാരിയുടെ ആജന്മ ഭീതിയാണ് പിണറായി വിജയൻ സർക്കാർ മാറ്റിയത്.ജോൺസണെ കണ്ടു പിടിക്കണമെന്ന്, മാപ്പു പറയണമെന്ന് ഓർക്കാത്ത സമയങ്ങളില്ല. ഇനി അതിന്റെ ആവശ്യമില്ല. എന്റെ സർക്കാർ ഉറപ്പു തന്നു കഴിഞ്ഞു. ഇനിയാരും പട്ടിണി കിടക്കില്ല എന്ന്.

കിറ്റിനെ പരിഹസിക്കുന്നവർ വിശപ്പിന്റെ ക്രൂര മുഖം കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടുണ്ട് .
സർക്കാരിന്റെ അമ്പരപ്പിക്കുന്ന വികസന പ്രവർത്തനങ്ങളേക്കാൾ ഞാൻ വോട്ടു ചെയ്യുമ്പോൾ ഓർക്കുക ആരും എന്റെ വീട്ടുപടിക്കൽ തെണ്ടാൻ വന്നില്ല, ഒരാൾക്കും വിശന്നില്ല എന്ന ഓർമ്മ ആയിരിക്കും. പട്ടിണി ഇല്ലാത്ത വീടുകൾ എന്തെല്ലാം ചൂഷണങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിച്ചു കാണും.

എത്ര പേരുടെ അഭിമാനവും അന്തസ്സും ഈ കിറ്റുകൾ സംരക്ഷിച്ചു കാണും. ആഹാരമെന്നത് പട്ടിണി മാറ്റാനുള്ള ഒന്ന് മാത്രമല്ല. മനുഷ്യന്റെ അന്തസ്സ് കാത്തു സൂക്ഷിക്കുന്ന കരുതൽ കൂടിയാണ്. ആവശ്യത്തിൽ അധികം ആഹാര സാധനങ്ങൾ അടങ്ങിയ കിറ്റും നെഞ്ചത്ത് ചേർത്ത പാവപ്പെട്ട പെണ്ണുങ്ങൾ നടന്നു നീങ്ങിയത് അതീവ ആത്മവിശ്വാസത്തോടെ ആയിരുന്നു.

ആരും ആരുടെ മുന്നിലും കൈ നീട്ടിപ്പോകും, അതില്ലാതെ വന്നാൽ. ഓരോ മനുഷ്യരും തുല്യരായിരുന്നു, ഈ മഹാമാരി കാലത്ത്.രണ്ടോ മൂന്നോ ദിവസം പട്ടിണി കിടന്നാൽ തീരാവുന്ന അഭിമാനമേ എനിക്കുമുള്ളൂ എന്ന തിരിച്ചറിവായിരുന്നു കൊറോണ കാലം.
ഈ വറുതി കാലത്ത് ആരും ആരുടെ മുന്നിലും കൈ നീട്ടിയില്ല, പിണറായി വിജയൻ സഖാവേ.
ഉറപ്പാണ്അഭിമാനം. ഉറപ്പാണ് എൽഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News