“ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ, ഉള്ളിൽ സങ്കടം ണ്ട് ട്ടോ”; ബിജെപിയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

ബിജെപിയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്.  ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച് ഇനി മുരളീധരനും സുരേന്ദ്രനും കുമ്മനംജീയുമൊക്കെ നിർമ്മലാജീയുടെ മുന്നിൽ ജാഥ നടത്തുമോ? എന്നാണ് മന്ത്രി ചോദിക്കുന്നത്.

അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടരുത്. അതുപോലൊരു ചെയ്തല്ലേ, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ഇവരോടു ചെയ്തത്? എന്നും മന്ത്രി ചോദിക്കുന്നു.

തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കേന്ദ്രത്തേയും സംസ്ഥാന നേതാക്കളേയും പരിഹസിക്കുന്നത്.  ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:

ഇനി മുരളീധരനും സുരേന്ദ്രനും കുമ്മനംജീയുമൊക്കെ എന്തു പറയും? “ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച്, ഈ ജീമാരെല്ലാം ചേർന്ന് നിർമ്മലാജീയുടെ മുന്നിൽ ജാഥ നടത്തുമോ?

അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടരുത്. അതുപോലൊരു ചെയ്തല്ലേ, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ഇവരോടു ചെയ്തത്? സ്വന്തം പാർടിയുടെ സംസ്ഥാന നേതാക്കളുടെ പ്രചരണത്തിന്റെ മുന കേന്ദ്രനേതാക്കൾതന്നെ രേഖാമൂലം ഒടിച്ചു കളയുന്നത് എന്തൊരു കഷ്ടമാണ്…?

പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തുമോ എന്ന് കേന്ദ്രധനമന്ത്രിയ്ക്കു മുന്നിൽ ചോദ്യം വന്നു. അവരതിന് രേഖാമൂലം ഇന്നലെ മറുപടിയും നൽകി. ജിഎസ്ടി കൌൺസിലിനു മുന്നിൽ അങ്ങനെയൊരു ശിപാർശയേ ഇല്ലെന്നും വരുമാനത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതം മുഴുവൻ പഠിച്ചേ എന്തെങ്കിലും ശിപാർശ നൽകാൻ കഴിയൂ എന്നുമാണ് മറുപടി.

തോമസ് ഐസക്കു കാരണമാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഇല്ലാത്തത് എന്നാണല്ലോ സാക്ഷാൽ കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനുമൊക്കെ ഇവിടെ പറഞ്ഞു നടന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ. ഈ പ്രചരണം കേട്ടപ്പോൾ എനിക്കും ഒരു ഗമയൊക്കെ തോന്നിയിരുന്നു.

അതും പോയിക്കിട്ടി. നോട്ടു പിൻവലിക്കൽ പോലുള്ള നട്ടപ്പിരാന്തുകൾക്ക് ഒരു മടിയുമില്ലാത്തവരെ പ്രതിരോധിക്കാൻ വേണ്ട ശേഷിയൊക്കെ എന്നെപ്പോലെ പ്രതിപക്ഷ രാഷ്ട്രീയമുള്ളവർക്ക് അവർ തന്നെ കൽപ്പിച്ചു തരുമ്പോൾ നമുക്ക് സ്വയം ഒരു മതിപ്പൊക്കെ തോന്നില്ലേ. ആ മതിപ്പ് ഇനിയില്ല. അങ്ങനെ ഷൈൻ ചെയ്യേണ്ടെന്ന് കേന്ദ്രധനമന്ത്രി തന്നെ തീർപ്പു കൽപ്പിച്ചു.

അതോടെ ജീമാരുടെ വ്യാജപ്രചരണത്തിന്റെ കാറ്റുപോയെന്നൊന്നും കരുതരുത്. “അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധവില കുറഞ്ഞു, ആ വിലയാണ്‌ ഇവിടെ കൂട്ടുന്നത്‌” എന്ന ചരിത്രപ്രസിദ്ധമായ ന്യായീകരണം ഓർമ്മയില്ലേ. അതിന്റെ മാതൃകയിൽ പുതിയ വിശദീകരണം വന്നുകൂടാ എന്നൊന്നുമില്ല.

നികുതി വരുമാനത്തിലെ കുറവ് കണ്ടുപിടിക്കാനുള്ള കാൽക്കുലേറ്റർ തോമസ് ഐസക് ഒളിച്ചുവെച്ചതുകൊണ്ടാണ് അക്കാര്യം പഠിക്കാൻ കഴിയാത്തത് എന്നൊക്കെ ആരോപിച്ചാലും അത്ഭുതപ്പെടാനില്ല. ഞാൻ എതിർത്തതുകൊണ്ടാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ബാധകമാക്കാത്തത് എന്നു പറഞ്ഞു നടന്നവർക്ക് എന്താണ് പറഞ്ഞുകൂടാത്തത്?

പെട്രോളിയം ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്ന കാര്യം ജിഎസ്ടി കൌൺസിൽ ഇതേവരെ പരിഗണിച്ചിട്ടില്ലെന്നു പറയുമ്പോൾ ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളുണ്ട് എന്നോർക്കണം. അവരാരും ഇന്നേ വരെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല.

ഉന്നയിക്കാത്ത കാര്യം ആർക്കും എതിർക്കാനാവില്ല. നഷ്ടപരിഹാരം കിട്ടിയാൽ അക്കാര്യം ആലോചിക്കാമെന്നാണ് കേരളം തുടക്കം മുതൽ വാദിക്കുന്നത്. വരുമാനത്തിൽ വൻതോതിൽ കുറവു വരുന്ന തീരുമാനമെടുക്കാൻ ആർക്കും കഴിയില്ലല്ലോ. നടപ്പാതിരയ്ക്ക് രാജ്യത്തെ നോട്ടു പിൻവലിക്കുന്നതുപോലുള്ള ആനമണ്ടത്തരങ്ങൾ കാണിച്ചവർക്ക് ഇതിനും ധൈര്യമുണ്ടാകേണ്ടതാണ്. പക്ഷേ, എന്തുകൊണ്ടോ അവരും ചെയ്തില്ല.

ഒരു നിമിഷം. ജാഥ തുടങ്ങിയെന്നു തോന്നുന്നുന്നു. മുരളീധരൻജിയുടെ ദയനീയസ്വരമല്ലേ ആ കേൾക്കുന്നത്…. “ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ, ഉള്ളിൽ സങ്കടം ണ്ട് ട്ടോ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News