മതനിരപേക്ഷ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ് കേരളത്തോട് മാപ്പുപറയണം: മുഖ്യമന്ത്രി

നേമത്ത് പുതിയ ശക്തനെ ഇറക്കിയത് യഥാര്‍ത്ഥ പോരാട്ടത്തിനാണോ അല്ലെന്നും ഇവര്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോയെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ ആദ്യമായി ബിജെപിക്ക് സീറ്റുണ്ടാക്കിയത്, താമര വിരിയാന്‍ അവസരമൊരുക്കിയത് ആരാണെന്നും സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്ത് കോണ്‍ഗ്രസാണ് അവസരം ഒരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫിന് ലഭിച്ച വോട്ട് എത്രയാണെന്ന് ചിന്തിക്കണം. 2011 ല്‍ കിട്ടിയ വോട്ട് 2016 ല്‍ എന്തുകൊണ്ട് ലഭിച്ചില്ല? തങ്ങളുടെ വോട്ട് കൊണ്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതെന്ന് കോണ്‍ഗ്രസിന് സമ്മതിക്കേണ്ടി വരികയല്ലേ? കോണ്‍ഗ്രസിന്റെ വേറൊരാളെ ജയിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമമാണിത്.

പുതിയൊരു സാഹചര്യത്തില്‍ ആ തെറ്റ് ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടോ? മതനിരപേക്ഷ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് കോണ്‍ഗ്രസ് കൂട്ടുനിന്നത്. കോണ്‍ഗ്രസ് കേരളത്തോട് മാപ്പുപറയണം. ചില ഭാഗത്ത് വ്യക്തതയില്ല. തിരുവനന്തപുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് സീറ്റുകള്‍ എവിടെ? എന്താണ് സംഭവിക്കുന്നത്?

തങ്ങളുടേതെല്ലാം ബിജെപിക്ക് സമ്മാനിച്ച് ബിജെപിയെ വളര്‍ത്തി എന്ന് കുറ്റസമ്മതം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ? നേമത്ത് നെടുങ്കാട് ഡിവിഷനില്‍ 1669 വോട്ട് കിട്ടിയ സ്ഥലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 74 വോട്ടാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും നേമത്ത് വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ പോരാടി.

കഴിഞ്ഞ തവണ എല്‍ഡിഎഫ് വോട്ട് വര്‍ധിച്ചു. അത് നിരന്തര പോരാട്ടത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. കഴിഞ്ഞ തവണ നേമത്ത് യുഡിഎഫിന് കിട്ടിയത് 13860 വോട്ടാണ്. രണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് ചോര്‍ന്നത് 47260 വോട്ട്. ഇതൊക്കെ സംസാരിക്കുന്ന കണക്കുകളാണ്, ഇവയില്‍ എല്ലാമുണ്ടെന്നും പിണറായി പറഞ്ഞു.

നേമത്ത് ആരാണ് മുന്നിലെന്നും ആരാണ് ശക്തനായ സ്ഥാനാര്‍ത്ഥിയെന്നും പ്രത്യേകം പറയണ്ട. കടുത്ത പോരാട്ടം എല്‍ഡിഎഫ് തന്നെയാണ് കാഴ്ചവെക്കുന്നത്. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ല.

അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ല. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിരന്തര പോരാട്ടത്തിന്റെ ഭാഗമാണ്. മതനിരപേക്ഷ കേരളം അഭിമാനപൂര്‍വം രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കാനാവുന്ന ഒന്നാണ്. അതിനെ തകര്‍ക്കാന്‍ ആര് വന്നാലും സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതാണ് മതേതര കേരളത്തിന് ഇടതുപക്ഷം നല്‍കുന്ന ഉറപ്പെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News