വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ല; എല്‍ഡിഎഫിനെ ജനങ്ങള്‍ കുടുംബാംഗത്തെപ്പോലെ കാണുന്നു; ലഭിക്കുന്നത് വന്‍ സ്വീകാര്യതയെന്ന് മുഖ്യമന്ത്രി

വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ലെന്നും അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ജനങ്ങള്‍ കുടുംബാംഗത്തെപ്പോലെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസമായി പ്രചാരണത്തിന് ധര്‍മ്മടത്ത് ആവേശകരമായ പ്രതികരണം കിട്ടി. ജനക്ഷേമ പരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുന്നു.

എല്ലാ യോഗങ്ങളിലും വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടായി. കടുത്ത ചൂട് കാലമായിട്ടും കുഞ്ഞുങ്ങള്‍ താത്പര്യപൂര്‍വ്വം പങ്കെടുക്കുന്നു. ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ ആശങ്കയിലാക്കുകയാണ്.

അതിനാലാണ് കൃത്രിമ പ്രതീകങ്ങള്‍ സൃഷ്ടിച്ച് ചര്‍ച്ച മാറ്റാന്‍ ശ്രമിക്കുന്നത്. നേമത്തെ മത്സരമാണ് ബിജെപിക്കെതിരായ തങ്ങളുടെ തുറുപ്പ് ചീട്ടെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു.

ആദ്യം മുന്‍ തെരഞ്ഞെടുപ്പില്‍ ഒഴുകിപ്പോയ വോട്ടിനെ കുറിച്ച് പറയണം. അതെങ്ങോട്ട് പോയി? അത് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കണം. അത് മുഴുവന്‍ തിരിച്ചുപിടിച്ചാലേ കഴിഞ്ഞ തവണ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്ത് എങ്കിലും എത്താനാവും.

കേരളത്തില്‍ നടന്ന പ്രധാന കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ഇരു കൂട്ടരും പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നതില്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്ന പ്രതീതിയുണ്ടാക്കാന്‍ പിഎസ്സിക്കെതിരെ കടുത്ത ആക്രമണം ഈ വിഭാഗം അഴിച്ചുവിട്ടു.

കേരളത്തിന്റെ ചരിത്രത്തില്‍ നിയമന ഉത്തരവ് നല്‍കുന്നതില്‍ പിഎസ്സി റെക്കോര്‍ഡ് സൃഷ്ടിച്ചു. 158000 പേര്‍ക്ക് പിഎസ്സി നിയമന ഉത്തരവ് നല്‍കി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. അത്തരം നേട്ടം പിഎസ്സി ഉണ്ടാക്കിയപ്പോള്‍ ഇവര്‍ അഭിനന്ദിക്കുന്നതിന് പകരം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ എട്ട് ലക്ഷം തസ്തികകളില്‍ നിയമനം നടത്തിയില്ല. എട്ട് ലക്ഷം പേര്‍ക്ക് നിയമനം തടഞ്ഞു. ബിജെപിക്ക് അതിനെതിരെ സംസാരിക്കാനുള്ള പ്രയാസം മനസിലാക്കാം. അവരുടെ സര്‍ക്കാരിനെതിരെ പരസ്യ നിലാപാടെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. എന്താണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രശ്നം?

എട്ട് ലക്ഷം തസ്തിക ഒഴിഞ്ഞാല്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെടാന്‍ അവര്‍ക്ക് കഴിയണ്ടേ? കേന്ദ്ര ബിജെപി ഭരണത്തെ കുറിച്ച് ഗൗരവമായ വിമര്‍ശനം പോലും ഉന്നയിക്കാത്തത് കേരള തല ധാരണയുടെ ഭാഗമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News