കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മനസ് വരാത്തതെന്താണ്? കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാനത്ത് നിന്ന് കൂട്ടത്തോടെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെതിരെയാണ്. ആ സമരം 100 ദിവസം പിന്നിട്ടു. കോണ്‍ഗ്രസ് എംപിമാരില്‍ എത്ര പേരാണ് ആ സമരത്തില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്തേ ആ സമരത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മനസ് വരാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം ആ സമരത്തിന്റെ നേതൃ നിരയില്‍ തന്നെയുണ്ട്. ഇത്തരം കാര്യങ്ങളിലെ വ്യത്യാസം ബിജെപിയോടുള്ള സമീപനത്തില്‍ തന്നെ പ്രകടമാണ്.

ബിജെപിയെ ചെറുക്കാന്‍ നമ്മുടെ രാജ്യത്തെ ജനം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നില സ്വീകരിച്ചിട്ടുണ്ട്. അവര്‍ക്കുണ്ടായ അനുഭവം എന്താണ്. ജയിച്ച കോണ്‍ഗ്രസ് എന്ത് നിലപാടാണ് എടുത്തത്? ജനഹിതം അട്ടിമറിച്ച് തങ്ങളെ തന്നെ ബിജെപിക്ക് വില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഗോവയില്‍ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസായിരുന്നു വലുത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം പോലും അവര്‍ക്ക് ലഭിച്ചു.

എന്നാല്‍ ജയിച്ചുവന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇരുന്നില്ല. അതിന് മുന്‍പ് തന്നെ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ബലം കോണ്‍ഗ്രസ് ഉണ്ടാക്കിക്കൊടുത്തു.

ഇത് ഗോവയുടെ കാര്യത്തില്‍ മാത്രമല്ല. മണിപ്പൂര്‍, മധ്യപ്രദേശ്, കര്‍ണാടക, മാഹി ഉള്‍പ്പെട്ട പുതുച്ചേരി അങ്ങിനെ എത്ര? പുതുച്ചേരിയില്‍ എത്ര പ്രധാനികള്‍ ബിജെപിയില്‍ പോയി? ത്രിപുര, മേഘാലയ തുടങ്ങി എല്ലായിടത്തും വ്യത്യസ്ത രീതികള്‍ അരങ്ങേറിയതാണ് രാജ്യത്തിന്റെ അനുഭവം.

കോണ്‍ഗ്രസിന്റെ സിഎഎ നിലപാട് വിശ്വസിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും ബിജെപി നിലപാടിന് ഒപ്പം നില്‍ക്കാന്‍ തയ്യാറാവുന്നവരുടെ ഇപ്പോഴത്തെ നിലപാടിനെ വിശ്വസിക്കാനാവുമോ?

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എല്ലാം സിഎഎക്കെതിരെ പ്രമേയം പാസാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിനെ കുറിച്ച് ചിന്തിക്കുന്നവരുടെ മുന്നിലുണ്ട്. വര്‍ഗീയതയോട് സമരസപ്പെടാന്‍ കാണിക്കുന്ന വ്യഗ്രതയാണ് കോണ്‍ഗ്രസിന്. അത് കേരളത്തിലും വന്നുതുടങ്ങുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News