മുംബൈയിൽ വീണ്ടും വിക്ടോറിയൻ വണ്ടികൾ; കുതിരകൾക്ക് പകരം ഹൈ ടെക് സംവിധാനങ്ങൾ

ബൈ തെരുവിലൂടെ കുതിരകൾ വലിച്ചു കൊണ്ട് നടന്നിരുന്ന വിക്ടോറിയൻ വണ്ടികൾ തിരിച്ചെത്തുകയാണ്. എന്നാൽ ഇക്കുറി കുതിരകളെ ഒഴിവാക്കി പകരം ചാലകശക്തിയാകുന്നത് വൈദ്യുതിയുടെ കരുത്താണെന്നു മാത്രം. ഐതിഹാസിക വിക്ടോറിയൻ വാഹനങ്ങളുടെ തിരിച്ചുവരവിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഫ്ളാഗ്ഓഫ് ചെയ്തു.

ഗതാഗതമന്ത്രി അനിൽ പരബ്, വിനോദസഞ്ചാരവകുപ്പ് മന്ത്രി ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ധവ് താക്കറെ തന്റെ വസതിയിൽ വെച്ച് വാഹനങ്ങളുടെ താക്കോൽ കൈമാറി.

ബ്രിട്ടീഷ് കാലഘട്ടത്തിലെ കുതിരവണ്ടികൾ ഒരു ഘട്ടത്തിൽ കോളോണിയൻ നഗരചരിത്രത്തിന്റെ വലിയൊരു ഭാഗമായിരുന്നു. പിന്നീടത് നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട വാഹനമായി. മഹാനഗരത്തെ കൺകുളിർക്കെ കണ്ടാസ്വദിക്കാമെന്നതാണ് തുറന്ന വണ്ടിയിലെ സവാരിയെ ജനപ്രിയമാക്കുന്നത്.

കുതിരകളെ ഉപയോഗിച്ച് വണ്ടി വലിക്കുന്നതിനെതിരേ മൃഗസ്നേഹികൾ രംഗത്തെത്തിയതോടെ പരാതിയെ തുടർന്ന് മുംബൈ ഹൈക്കോടതി 2015ൽ കുതിരകൾ വലിക്കുന്ന വിക്ടോറിയ വാഹനങ്ങൾ നിരോധിക്കുകയായിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സമാനമായ വാഹനങ്ങൾ ഹൈ ടെക്കായി മുംബൈ നിരത്തിലെത്തിയിരിക്കയാണ്. പുതിയ വിക്ടോറിയ കാരിയേജുകൾ ജി‌പി‌എസിൽ പ്രവർത്തിക്കും, സംഗീതാസ്വാദകർക്കും ചരിത്രകുതുകികൾക്കുമായി ബ്ലൂടൂത്ത് സൗകര്യമുണ്ട്, വണ്ടികൾ ഐക്കണിക് ലാൻഡ്‌മാർക്കുകളിലൂടെ കടന്നുപോകുമ്പോൾ നഗരത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്പീക്കറുകളുണ്ട്.

കുതിരകളില്ലാത്ത വണ്ടികൾക്ക് മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പുതുമയും നേട്ടങ്ങളും നിരവധിയാണ് . ലിഥിയം അയേൺ ബാറ്ററികളിൽ കരുത്തേകുന്ന ഈ വാഹനം ഒറ്റത്തവണ ചാർജിൽ 70 കിലോമീറ്റർ സഞ്ചരിക്കും. ഏകദേശം 650 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം.

കുതിരസവാരി നടത്തിയിരുന്ന ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപപ്രദേശങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾക്ക് സർവീസ് നടത്തുന്നതിന് അടുത്തിടെ സംസ്ഥാന ഗതാഗതവകുപ്പ് അനുമതി നൽകിയിരുന്നു.

പ്രാഥമികഘട്ടത്തിൽ 12 ഇലക്ട്രിക് വാഹനങ്ങൾ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്ത് സർവീസ് നടത്തും. ഫൗണ്ടൻ, കാലഗോഡ, മറൈൻഡ്രൈവ്, ഗിർഗാവ് ചൗപാത്തി, നരിമാൻ പോയിന്റ് എന്നിവിടങ്ങളിലും വിക്ടോറിയ 2.0 സവാരി നടത്തും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉബോ റൈഡ്‌സ് എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ഇലക്ട്രിക് കരുത്തിലുള്ള വിക്ടോറിയൻ വാഹനങ്ങൾ നിരത്തിലെത്തിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതെന്ന് ഉബോ റൈഡ്‌സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News