മഹാരാഷ്ട്ര; ബിജെപിയിൽനിന്ന് നഗരസഭാംഗങ്ങൾ കൂട്ടത്തോടെ ശിവസേനയിലേക്ക്

മഹാരാഷ്ട്ര ബിജെപിയിൽ നിന്ന് നഗരസഭാംഗങ്ങൾ കൂട്ടത്തോടെ ശിവസേനയിലേക്ക്. മാർച്ച് 18 ന് നടക്കാനിരിക്കുന്ന ജൽഗാവ് മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചത്. മൊത്തം 57 കോർപ്പറേറ്റുകളിൽ 33 അംഗങ്ങളാണ് ബിജെപി വിട്ട് ശിവസേനയിൽ ചേർന്നത്.

വ്യാഴാഴ്ചയാണ് പുതിയ മേയറുടെയും ഉപമേയറുടെയും തിരഞ്ഞെടുപ്പ്. പുതിയ സംഭവവികാസങ്ങളോടെ ഇവിടെ ബി.ജെ.പി.ക്ക് ഭരണം നഷ്ടമാകുമെന്ന കാര്യത്തിൽ തീരുമാനമായി.

ജൽഗാവിൽ ബി.ജെ.പി.യുടെ പ്രമുഖനേതാവായ ഗിരിഷ് മഹാജൻ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ്. അത് കൊണ്ട് തന്നെ നഗരസഭാംഗങ്ങളുടെ കൂറുമാറ്റം മഹാജനും ഫഡ്നാവിസിനും കിട്ടിയ കനത്ത തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നഗരസഭയിൽ ബി.ജെ.പി.ക്ക് 57 അംഗങ്ങളാണുള്ളത്. 80 അംഗ നഗരസഭയിൽ ശിവസേനയ്ക്ക് 15 അംഗങ്ങളും ഉണ്ട്. ഈ മേഖലയിൽ നിന്നുള്ള പ്രമുഖ നേതാവും മുൻമന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സേ ബി.ജെ.പി.യിൽനിന്ന്‌ എൻസിപിയിലേക്ക് വന്നതോടെ വിമത നഗരസഭാംഗങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് നഗരസഭയിൽ അംഗങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ഭരണത്തിൽ നിന്ന് ബി.ജെ.പിയെ ഒഴിവാക്കാൻ വിമതർ ശിവസേനയുമായി സഹകരിക്കട്ടെ എന്ന നിലപാട് ഖഡ്‌സേ സ്വീകരിക്കുകയായിരുന്നു. നഗരസഭാംഗങ്ങളുമായി പാർട്ടിക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് മഹാജന്റെ ന്യായീകരണം.

ഇതിന് മുൻപ് സാംഗ്ലി മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അംഗങ്ങൾ കൂറുമാറി എൻ.സി.പി.യിൽ ചേർന്നതോടെ അവിടുത്തെ ഭരണവും ബി.ജെ.പി.ക്ക് നഷ്ടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News