ലോങ്ജമ്പില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശ്രീശങ്കറിന് അഭിനന്ദനവുമായി എം ബി രാജേഷ്

8.26 മീറ്റര്‍ എന്ന പുതിയ ദേശീയ റെക്കോഡോടെ ലോങ്ജമ്പില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശ്രീശങ്കറിന് അഭിനന്ദനവുമായി എം ബി രാജേഷ്.

ശ്രീശങ്കറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും താല്‍പര്യപൂര്‍വം ശ്രദ്ധിക്കുകയും പിന്തുണ നല്‍കുകയും നേട്ടങ്ങളില്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണയാണ് ശ്രീശങ്കറിന് നല്‍കുന്നത്. 17 ലക്ഷം രൂപ മുടക്കി സിന്തറ്റിക് പിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കി.

മെഡല്‍ നേടിക്കഴിഞ്ഞാല്‍ വാരിക്കോരി സമ്മാനങ്ങള്‍ കൊടുക്കുന്നതാണ് പതിവ് രീതി. ഇവിടെ മെഡലിലേക്കെത്താനുള്ള പരിശ്രമത്തിന് എല്ലാ സഹായങ്ങളും നല്‍കുകയാണ് സര്‍ക്കാരെന്നും എം ബി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ന് എന്നെ വിളിച്ചുണർത്തിയത് അത്യധികം സന്തോഷകരമായ ഒരു ഫോൺ കോൾ ആയിരുന്നു. ദേശീയ റെക്കോഡിട്ട ലോങ്ജമ്പ് താരം ശ്രീശങ്കറാണ് വിളിച്ചത്. 8.26 മീറ്റർ എന്ന പുതിയ ദേശീയ റെക്കോഡോടെ ലോങ്ജമ്പിൽ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയെന്ന വിജയവാർത്ത അറിയിക്കാനാണ് ശ്രീശങ്കർ വിളിച്ചത്.

ഏറെ ആഹ്ലാദത്തോടെയാണ് ശ്രീശങ്കറിൻ്റെ വിജയവർത്തമാനം കേട്ടത്. ശ്രീശങ്കറിന് ഒളിമ്പിക്സിലും വിജയിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. ലോങ്ജമ്പിൽ ലോക ജൂനിയർ റാങ്കിങ്ങിൽ ഒന്നാമനാണ് ശ്രീശങ്കർ എന്നത് നമുക്ക് പ്രതീക്ഷ നൽകുന്നു. സ്വന്തം റെക്കോഡായ 8.20 മീറ്ററാണ് ശ്രീശങ്കർ ഇക്കുറി മറികടന്നത്.

ഒളിമ്പിക്സിനുള്ള യോഗ്യതാ ദൂരം 8.22 മീറ്ററാണ്. ഇന്ത്യ കണ്ട മികച്ച ലോങ്ജമ്പുകാരായ ടി സി യോഹന്നാൻ, സുരേഷ് ബാബു എന്നിവർക്കു ശേഷം നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമുയർത്താൻ ശ്രീശങ്കറിന് കഴിയും.

ശ്രീശങ്കറിൻ്റെ വളർച്ചയുടെ ഓരോ ഘട്ടവും താൽപര്യപൂർവം ശ്രദ്ധിക്കുകയും പിന്തുണ നൽകുകയും നേട്ടങ്ങളിൽ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ വലിയ പിന്തുണയാണ് ശ്രീശങ്കറിന് നൽകുന്നത്. 17 ലക്ഷം രൂപ മുടക്കി സിന്തറ്റിക് പിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകി.

മെഡൽ നേടിക്കഴിഞ്ഞാൽ വാരിക്കോരി സമ്മാനങ്ങൾ കൊടുക്കുന്നതാണ് പതിവ് രീതി. ഇവിടെ മെഡലിലേക്കെത്താനുള്ള പരിശ്രമത്തിന് എല്ലാ സഹായങ്ങളും നൽകുകയാണ് സർക്കാർ.
ഒളിമ്പിക്സ് ലക്ഷ്യം വച്ചു കൊണ്ടുള്ള ശ്രീശങ്കറിൻ്റെ പരിശീലനത്തിന് പ്രതിമാസം 25000 രൂപയും അതിനു പുറമേ കായിക വികസന നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ പ്രത്യേകവും അനുവദിക്കണമെന്ന് സ്പോർട്സ് വകുപ്പ് മന്ത്രി സ ഇ.പി.ജയരാജനെ നേരിൽക്കണ്ടും രേഖാമൂലവും ആവശ്യപ്പെടുകയും അത് അംഗീകരിച്ച് ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു.

2019 ഫെബ്രുവരി എട്ടിനാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് (സ.ഉ (സാധാ) നം. 27/2019/കാ.യു.വ) പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇടപെടാനും ശ്രീശങ്കറിന് പിന്തുണ നൽകാനും കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. ശ്രീശങ്കർ താണ്ടിയ ഓരോ സെൻ്റീമീറ്ററിനും പിന്നിൽ കഠിന പരിശ്രമവും ആത്മസമർപ്പണവുമുണ്ട്; അച്ചടക്കത്തോടെയുള്ള ചിട്ടയായ പരിശീലനമുണ്ട്.

പഠിക്കാൻ വളരെ മിടുക്കനാണ് ശ്രീശങ്കർ. മെഡിസിന് പ്രവേശനം കിട്ടിയെങ്കിലും സ്പോർട്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിക്ടോറിയ കോളേജിൽ ഡിഗ്രി കോഴ്സിന് ചേരുകയാണുണ്ടായത്.
വിദേശ കോച്ചിൻ്റെ പരിശീലനത്തിന് സൗകര്യമുണ്ടാക്കാമെന്ന് സ്പോർട്സ് വകുപ്പ് മന്ത്രി സ. ഇ.പി.ജയരാജൻ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ ഏഷ്യൻ ഗയിംസിൽ പങ്കെടുത്തിട്ടുള്ള അച്ഛൻ എസ് മുരളിയുടെ കീഴിൽ തന്നെ പരിശീലനം തുടരാനാണ് ശ്രീശങ്കർ ഇഷ്ടപ്പെട്ടത്. ഇൻ്റർനാഷണൽ കായിക താരം കെ എസ് ബിജിമോളാണ് അമ്മ. ശ്രീശങ്കറിൻ്റെ ആരോഗ്യ-ഭക്ഷണ കാര്യങ്ങളിൽ സൂക്ഷ്മ ശ്രദ്ധ പുലർത്തുന്ന ആളാണ് ബിജിമോൾ. ശ്രീശങ്കറിൻ്റെ നേട്ടം അച്ഛനും അമ്മയ്ക്കും കൂടി അവകാശപ്പെട്ടതാണ്.

ഞാൻ ശ്രീശങ്കറിനെ അഭിനന്ദിച്ചപ്പോൾ, ഈ തെരഞ്ഞെടുപ്പിൽ വിജയിക്കട്ടെയെന്ന് ശ്രീശങ്കർ എനിക്ക് ആശംസകൾ നേർന്നു. ടോക്കിയോ ഒളിമ്പിക്സിൻ്റെ വിക്ടറി സ്റ്റാൻഡിൽ, നമ്മുടെ ദേശീയപതാകയുടെയും ദേശീയഗാനത്തിൻ്റെയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തി ശ്രീശങ്കർ നിൽക്കുന്നത് ഞാൻ സ്വപ്നം കാണുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News