
കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യം വീണ്ടും സജീവ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് ആയതിനാലാണ് വർക്കിങ്ങ് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കാത്തത് എന്നതുൾപ്പെടെയുള്ള അടുത്ത ദിവസങ്ങളിലെ പ്രതികരണങ്ങളാണ് അത്തരം ചർച്ചകൾ സജീവമാക്കിയത്.കെ പി സി സി അധ്യക്ഷ സ്ഥാനം എന്ന മോഹം പൊലിഞ്ഞതാണ് കെ സുധാകരനെ നിരാശയിലാക്കിയത്.
ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നുവെന്ന് നേരത്തെ കെ സുധാകരൻ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെപിസിസി വർക്കിങ്ങ് പ്രസിഡണ്ട് സ്ഥാനം സുധാകരനെ തേടിയെത്തിയത്. തുടർന്ന് കെപിസിസി അധ്യക്ഷ സ്ഥാനം എന്നതായിരുന്നു ലക്ഷ്യം.
ആ പ്രതീക്ഷയിൽ പാലക്കാടും വയനാടുമെല്ലാം ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ്സ് നേതാക്കളെ അനുനയിപ്പിച്ച് നേതൃപാടവം പ്രകടിപ്പിക്കാൻ ഓടി നടന്നു. എന്നാൽ കെ സി വേണുഗോപാലും മുല്ലപ്പള്ളിയും കെ പി സി സി അധ്യക്ഷ സ്ഥാനം എന്ന സുധാകരൻ്റെ മോഹത്തിന് വിലങ്ങ് തടിയായി. മാത്രമല്ല സ്ഥാനാർത്ഥി നിർണ്ണയത്തിൽ സുധാകരൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല.ഇതോടെയാണ് കടുത്ത വിമർശനവുമായി സുധാകരൻ രംഗത്തെത്തിയത്.
സുധാകരന്റെ അടുത്ത ദിവസങ്ങളിലെ പ്രതികരണങ്ങൾ ബിജെപി യിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ സൂചനയാണ് എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. പാർട്ടി വിടാൻ ആഗ്രഹിക്കുന്നുവന്ന് സുധാകരൻ പറഞ്ഞുവെന്ന പി സി ചാക്കോയുടെ വെളിപ്പെടുത്തലുലും ഈ ചർച്ചകൾക്ക് ബലം പകരുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here