കോണ്‍ഗ്രസായി മത്സരിക്കുക, ജയിച്ചാല്‍ ബിജെപിയിൽ പോവുക എന്നതാണ്‌ കോൺഗ്രസ്‌ നയം: മുഖ്യമന്ത്രി

കോൺഗ്രസായി മത്സരിക്കുക ജയിച്ചാൽ ബിജെപിയിൽ പോവുക എന്നതാണ്‌ കോൺഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോണ്ടിച്ചേരിയിലും ത്രിപുരയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

35 പേരെ ജയിപ്പിച്ചാൽ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്‌ ബാക്കിയുള്ളത്‌ കോൺഗ്രസിൽ നിന്നെടുക്കാം എന്നതുകൊണ്ടാണെന്നും കോൺഗ്രസ്‌ വിൽപ്പനച്ചരക്കായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത്‌ കോൺഗ്രസ്‌ ആണെന്ന് ആരും പറയില്ലെന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നേമത്ത്‌ കോൺഗ്രസിന്റെ വോട്ട്‌ ആവിയായിപ്പോയെന്നും ഏത്‌ നിമിഷവും കോൺഗ്രസിനെ കോരിയെടുക്കാമെന്ന് ബിജെപി കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഏറ്റവും മികവുറ്റ ഭരണം കേരളത്തിലാണെന്ന് ദേശീയതലത്തിൽ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഈ യശസ്സ്‌ നമ്മൾ ആർജ്ജിച്ചെടുത്തതാണ്. രാജ്യത്ത്‌ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്നത്‌ അന്തർദ്ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്നു. കേരളം മാറുന്നു. അതിന്റെ ഭാഗമായി തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു. പി.എസ്.സി നിയമനങ്ങളിൽ സർവ്വകാല റെക്കാർഡ്‌ നേടി’- മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ബിജെപിയേയും ബിജെപി സർക്കാരിനേയും വിമർശിക്കാൻ യുഡിഎഫിന്‌ നാക്കുയരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിൽക്കുമ്പോള്‍ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ്‌ സംവിധാനങ്ങൾ കേരളത്തിലാണെന്നും യുവാക്കൾ തൊഴിലന്വേഷികളിൽ നിന്ന് തൊഴിൽദാതാക്കളായി മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News