ചെന്നിത്തലയുടെ ആരോപണം പൊളിഞ്ഞു;ചെന്നിത്തല ചൂണ്ടിക്കാട്ടിയ വ്യാജ വോട്ടര്‍ സജീവ കോണ്‍ഗ്രസ്സുകാരി

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു. ഉദുമയില്‍ 5 വോട്ടുണ്ടെന്നാരോപിച്ച കുമാരി സജീവ കോണ്‍ഗ്രസ് അനുഭാവി കുടുംബം.

കാസര്‍ഗോഡ് ഉദുമ മണ്ഡലത്തിലെ പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുമാരിയുടെ പേരില്‍ അഞ്ച് വോട്ട്. എന്നാല്‍ വോട്ടുള്ള വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും ഭര്‍ത്താവും പറയുന്നു.

വോട്ട് ചേര്‍ക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും അവരാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം കാര്യം അറിയാതെയെന്നും കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു. RDQ1464478 നമ്പറിൽ ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമെ കൈയ്യിലുളളുവെന്നും കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

ഇന്ന് രാവിലെ അഞ്ചുവോട്ട് ഉണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ച വോട്ടറായ കുമാരി കോണ്‍ഗ്രസുകാരിയെന്ന് അവര്‍തന്നെ വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും ആരുടെയോ പിഴവിന് തങ്ങള്‍ എന്ത് ചെയ്തെന്നും കുമാരിയുടെ ഭര്‍ത്താവ് രവീന്ദ്രന്‍ ചോദിക്കുന്നു.

കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്‌തിട്ടുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനം ചെയ്‌ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും കുടുംബവും. 13 വര്‍ഷമായി പെരിയയിലാണ് താമസം. പഞ്ചായത്ത് അംഗമായിട്ടുള്ള കോണ്‍ഗ്രസ് നേതാവ് ശശിയാണ് ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സഹായം നല്‍കിയത്.

ഒരു വോട്ടര്‍ഐഡി മാത്രമാണ് അവര്‍ക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ശശിയും പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ കൈമലര്‍ത്തുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News