അംബാനി ബോംബ് ഭീഷണി കേസ്; ദൃശ്യം 2വിനെ വെല്ലുന്ന ട്വിസ്റ്റുകൾ

വ്യവസായി മുകേഷ് അംബാനിയുടെ വീടിന് പുറത്ത് നടന്ന ബോംബ് ഭീഷണിയുടെ പിന്നിൽ പ്രവർത്തിച്ചത് മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയായിരുന്നുവെന്ന വിവരങ്ങളാണ് ഒരു പ്രമുഖ പത്രം അന്വേഷണ ഏജൻസികളെ ഉദ്ധരിച്ചു പുറത്ത് വിടുന്നത്. ഇതോടെ 22 ദിവസമായി നടക്കുന്ന സ്‌ഫോടകവസ്തു നിറച്ച വാഹനത്തിന് ചുറ്റുമുള്ള രഹസ്യങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി അഴിയുകയായിരുന്നു.

ഫെബ്രുവരി 25 നാണ് അംബാനി വസതിക്ക് പുറത്ത് ജെലാറ്റിൻ സ്റ്റിക്കുകളടങ്ങിയ സ്കോർപിയോ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത കാറിൽ നടത്തിയ പരിശോധനയിൽ മുകേഷ് അംബാനിക്കും ഭാര്യക്കും അഭിസംബോധന ചെയ്ത ഒരു ഭീഷണി കത്തും കണ്ടെത്തി.

ഉപേക്ഷിക്കപ്പെട്ട പച്ച നിറത്തിലുള്ള സ്‌കോര്‍പിയോ കാറിന്റെ നമ്പർ ആയിരുന്നു പിന്നീട് തലവേദനയായത്. വ്യവസായിയുടെ സുരക്ഷാ വിഭാഗത്തിലുള്ള കാറിന്റെ അതേ നമ്പര്‍ പ്ലേറ്റ് തന്നെയാണ് സ്‌കോര്‍പിയോയിലും കാണാനായത്. ഇത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ നാൾ വഴികൾ കടന്നു പോയത് ജീത്തു ജോസഫിന്റെ ദൃശ്യം 2 വിനെ വെല്ലുന്ന ട്വിസ്റ്റുകളും ക്ലൈമാക്സുമാണ്.

മുംബൈ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സ്‌കോർപിയോ കാർ ഉടമയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഫെബ്രുവരി 16 നാണ് താൻ കാറിൽ പുറത്തിറങ്ങിയതെന്നും എന്നാൽ യാത്രക്കിടെ കാർ കേടായതിനെ തുടർന്നാണ് മുളുണ്ട് ഐരോളി ലിങ്ക് റോഡിന്റെ സൈഡിൽ പാർക്ക് ചെയ്യുകയായിരുന്നുവെന്നും മൻസുഖ് ഹിരെൻ പൊലീസിന് മൊഴി നൽകിയിരുന്നു. പിറ്റേന്ന് വണ്ടിയെടുക്കാൻ തിരിച്ചെത്തിയപ്പോഴാണ് വാഹനം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയതെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട രേഖകളും തെളിവുകളും പൊലീസിന് ഹാജരാക്കിയിരുന്നതായി ഹിരന്റെ ബന്ധുക്കളും പറയുന്നു.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മാർച്ച് 5ന് മൻസുഖ് ഹിരെൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിക്കുന്നതിന് മുൻപ് ഹിരെൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എഴുതിയ കത്തിലെ ഉള്ളടക്കം വീണ്ടും കേസിനെ പുതിയ വഴിത്തിരിവിലേക്ക് നയിച്ചു. പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കേസിൽ നിരപരാധിയാണെന്നും കത്തിൽ എഴുതിയിരുന്നു.

വിവിധ അന്വേഷണ ഏജൻസികൾ അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട് . ഇരയായിരുന്നിട്ടും തന്നെ ഒരു പ്രതിയായി കണക്കാക്കുകയാണെന്നും ഹിരേൻ കത്തിൽ പറയുന്നു. തന്റെ വാഹനം എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്നും താൻ ഇരയാക്കപ്പെട്ടതെന്നും ഇതിനകം തന്നെ വിശദീകരണവും പ്രസ്താവനകളും നൽകിയിട്ടും അനാവശ്യമായി ഉപദ്രവിക്കപ്പെടുന്നുവെന്നാണ് കത്തിൽ പരാതിപ്പെട്ടിരുന്നത്.

മൻസൂഖിന്റെ ഭാര്യ മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതാണ് മറ്റൊരു ട്വിസ്റ്റ്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വാഹനം നാല് മാസത്തോളം സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായും ഫെബ്രുവരി 5നാണ് തിരികെ നൽകിയതെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. മൻസുഖിന്റെ മരണത്തിന് പിന്നിൽ സച്ചിൻ വാസെയാണെന്നും ഇവർ പറഞ്ഞിരുന്നു..

സി സി ടി വി ദൃശ്യങ്ങൾ

മാർച്ച് 9 ന് എൻ‌ഐ‌എ കേസ് ഏറ്റെടുക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിലാണ് സച്ചിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിൽ കണ്ടെത്തിയ സി സി ടി വി ദൃശ്യങ്ങളും രേഖകളും കുറ്റകൃത്യങ്ങളിൽ സച്ചിന്റെ പങ്കാളിത്തം വെളിപ്പെടുത്തുന്നതായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫെബ്രുവരി 24, 25 തീയതികളിൽ കാർമൈക്കൽ റോഡിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കൊണ്ട് പോകാൻ നേരിട്ട് പങ്കു ചേർന്നുവെന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ പുറത്ത് വിടുന്നത്. ഇക്കാര്യത്തിൽ വേണ്ട തെളിവുകളും സാക്ഷി മൊഴിയും ശേഖരിക്കേണ്ടതുണ്ടെന്നും എൻ‌ഐ‌എ റിമാൻഡ് പേപ്പറുകൾ വ്യക്തമാക്കുന്നു.

ഇതോടെ രണ്ടാഴ്ചയായി നടക്കുന്ന സ്‌ഫോടകവസ്തു നിറച്ച വാഹനത്തിന് ചുറ്റുമുള്ള രഹസ്യങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി അഴിയുകയായിരുന്നു.

ഫെബ്രുവരി 25 ന് സച്ചിൻ തന്നെയായിരുന്നു ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച സ്കോർപിയോ കാർ ഓടിച്ചിരുന്നത്. മുംബൈ പോലീസിന്റെ ഇന്നോവ ഈ കാറിനെ അനുഗമിച്ചിരുന്നു. അംബാനിയുടെ വീടിന് സമീപം സ്കോർ‌പിയോ പാർ‌ക്ക് ചെയ്‌തതിന്‌ ശേഷം സച്ചിൻ ഇന്നോവയിൽ‌ കയറി മടങ്ങുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് കണ്ടെടുത്തതോടെ അന്വേഷണം സച്ചിനിലേക്ക് ചുരുങ്ങി.

മുംബൈയിൽ എൻ‌ഐ‌എ ഒരു മെഴ്‌സിഡസ് കാറും പിടിച്ചെടുത്തു. അന്വേഷണത്തിനിടെ സച്ചിൻ വാസാണ് കാർ ഉപയോഗിച്ചതെന്ന് വ്യക്തമായി. എന്നാൽ ഉടമയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിലിനിടെ 5 ലക്ഷത്തിലധികം പണവും ഒരു കൗണ്ടിംഗ് മെഷീനും വസ്ത്രങ്ങളും സ്കോർപിയോയുടെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റും ഈ കാറിൽ നിന്ന് കണ്ടെത്തി.

സച്ചിൻ വാസെയുടെ കുറ്റസമ്മതം

കസ്റ്റഡിയിലുള്ള ഒരു പ്രതിയുടെ മരണത്തിൽ 2004 ൽ സച്ചിൻ വാസിനെ ഡിപ്പാർട്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. 2020ലാണ് സച്ചിനെ വീണ്ടും പോലീസ് വകുപ്പിലേക്ക് തിരിച്ചെടുക്കുന്നത്.

തനിക്ക് നഷ്ടപ്പെട്ട കീർത്തി വീണ്ടെടുക്കാനായിരുന്നു ഈ ബോംബ് നാടകമെന്ന് സച്ചിൻ വാസെയുടെ കുറ്റസമ്മതം എന്നാണ് എൻ ഐ എ മാധ്യമങ്ങളോട് പറഞ്ഞത്. ആരുടെയും ശ്രദ്ധ നേടുന്ന ഒരു ബോംബ് ഗൂഢാലോചന ആസൂത്രണം ചെയ്തു അത് താൻ തന്നെ അന്വേഷിച്ചു കണ്ടെത്തുന്നതിലൂടെ കിട്ടുന്ന പ്രശസ്തിയായിരുന്നു ലക്ഷ്യം.

ഇതോടെ ബോംബ് ഗൂഢാലോചന തെളിയിച്ചു ഡിപ്പാർട്മെന്റിൽ പേരെടുക്കുവാനുള്ള സച്ചിൻ വാസെയുടെ ശ്രമങ്ങൾ പാളി പോയിടത്താണ് ഇത് വരെയുള്ള കഥ എത്തി നിൽക്കുന്നത്. മുകേഷ് അംബാനിയുടെ വീടിന് പുറത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ തിരക്കഥ മുഴുവൻ തയ്യാറാക്കിയത് സച്ചിനാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ ഈ ഗൂഢാലോചനയിൽ തന്റെ റോൾ ചെറുതായിരുന്നെന്നും കൂടി സച്ചിൻ പറഞ്ഞു നിർത്തുമ്പോൾ പറയാൻ ബാക്കി വച്ച കാര്യങ്ങൾ കൂടുതൽ ട്വിസ്റ്റുകൾ നിറഞ്ഞതാകുമോ എന്നതാണ് ഇനിയുള്ള ദിവസങ്ങളിൽ പുറത്ത് വരിക. മൻസുഖിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിവരങ്ങളും പുറത്ത് വരാൻ ബാക്കിയാണ്…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News