അമ്മയുടെയും അച്ഛന്റെയും ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഒളിമ്പ്യന്‍ ശ്രീശങ്കര്‍…

ദേശീയ ട്രിപ്പിള്‍ ജംപ് താരമായ മുരളിയും ട്രാക്കിലെ താരമായിരുന്ന ഇ എസ് ബിജിമോളും ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷം പാലക്കാട് യാക്കരയില്‍ നിര്‍മിച്ച വീട്ടിലുടനീളം ഒളിംപിക്‌സുമായ ബന്ധപ്പെട്ട ചിഹ്നങ്ങള്‍ കാണാം. അന്താരാഷ്ട്രതലത്തില്‍ നിരവധി വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചെങ്കിലും ഇരുവര്‍ക്കും സാധ്യമാകാത്ത ഒളിന്പിക്‌സെന്ന സ്വപ്നമായിരുന്നു മനസ്സിലുടനീളം.

ഒളിംപിക്‌സിനെക്കുറിച്ച് കേട്ടറിഞ്ഞത് കൊണ്ട് തന്നെ മകന്‍ ശ്രീശങ്കര്‍ പന്ത്രണ്ടാം വയസ്സില്‍ ജിമെയില്‍ ഐഡി ഉണ്ടാക്കിയത് ഒളിന്പ്യന്‍ ശ്രീശങ്കറെന്ന പേരില്‍. ഇപ്പോള്‍ ശ്രീശങ്കര്‍ അമ്മയുടെയും അച്ഛന്റെയും ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തിലൂടെയാണ് ശ്രീശങ്കര്‍ ടോക്യോ ഒളിന്പിക്‌സില്‍ ലോംഗ് ജംപിലേക്ക് യോഗ്യത നേടിയത്. 8.22 മീറ്ററായിരുന്നു ഒളിന്പിക് യോഗ്യത കടമ്പ.

സ്വന്തം റെക്കോര്‍ഡായ 8.20 മീറ്റര്‍ മറികടന്ന് 8.26 മീറ്റര്‍ ചാടിക്കടന്നാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഒളിംപിക് യോഗ്യത നേടിയത്. കൊവിഡ് പ്രതിസന്ധിയുടെ കാലത്തടക്കം നടത്തിയ കഠിനമായ പരിശീലനത്തിലൂടെയാണ് ശ്രീശങ്കര്‍ അത്‌ലലറ്റിക്‌സില്‍ പാലക്കാട്ടെ ആദ്യത്തെ ഒളിന്പ്യനാവാനുള്ള കടമ്പ താണ്ടിയത്.

രാജ്യം ശ്രദ്ധിക്കുന്ന കായിക താരമായ ശ്രീശങ്കറിന് സംസ്ഥാന സര്‍ക്കാരും പാലക്കാട്ടെ മുന്‍ എംപിയുമായ എംബി രാജേഷും മുന്നോട്ടുള്ള കുതിപ്പിന് വലിയ പിന്തുണയാണ് നല്‍കിയത്. അച്ഛന്‍ മുരളിയാണ് ശ്രീശങ്കറിന്റെ പരിശീലകന്‍. കായിക താരങ്ങളായിരുന്ന മുരളിക്കും ഇഎസ് ബിജിമോള്‍ക്കും മകന്റെ നേട്ടത്തില്‍ സന്തോഷം.ഇനി ഒളിന്പിക്‌സിനായുള്ള തയ്യാറെടുപ്പിന്റെ ദിവസങ്ങളാണ്. രാജ്യത്തിനായി മെഡല്‍ കൊണ്ടു വരാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ശ്രീശങ്കര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here