രാജ്യത്ത് മൂന്നുകോടിയിലധികം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ നടപടി ഗുരുതരം; കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന പേരിൽ രാജ്യത്ത്‌ മൂന്നുകോടിയിലധികം റേഷൻകാർഡ്‌ റദ്ദാക്കിയ നടപടി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌. അതീവഗുരുതരവിഷയമാണ് ഇതെന്നും വിശദമായി പരിശോധിക്കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌.

റേഷൻകാർഡ് റദ്ദാക്കിയതിനാല്‍ പല സംസ്ഥാനത്തും പട്ടിണിമരണം വ്യാപകമായെന്ന് 2017ൽ‌ ജാർഖണ്ഡിൽ പട്ടിണി കാരണം മരിച്ച 11 വയസ്സുകാരി സന്തോഷികുമാരിയുടെ അമ്മ കോയ്‌ലിദേവി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ആധാർകാർഡുമായി ബന്ധിപ്പിച്ചില്ലെന്ന പേരിൽ റേഷൻകാർഡ്‌ റദ്ദാക്കിയതിനെത്തുടർന്നാണ്‌ കോയ്‌ലിദേവിയുടെ കുടുംബം പട്ടിണിയിലായത്‌. ദിവസങ്ങളായി ഭക്ഷണം കിട്ടാതെയാണ് സന്തോഷികുമാരി മരിച്ചത്‌. കുടുംബത്തിനുണ്ടായ തീരാദുഃഖം മറ്റുള്ളവർക്ക്‌ ഉണ്ടാകാതിരിക്കാനാണ് കോയ്‌ലിദേവി ഹർജി സമർപ്പിച്ചത്‌.

ദേശീയതലത്തിൽ മൂന്ന്‌ കോടിയിലധികം റേഷൻകാർഡ്‌ ഇല്ലാതായി. പല സംസ്ഥാനത്തും 10 മുതൽ 15 ലക്ഷംവരെ കാർഡ് റദ്ദാക്കി. മിക്കയിടത്തും പട്ടിണിമരണം വ്യാപകം. ഗോത്രമേഖലകളിൽ പലർക്കും ആധാർകാർഡ്‌ ഇല്ല എന്ന വസ്‌തുത സർക്കാർ സമ്മതിച്ചിട്ടുണ്ട്‌’–- മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്‌ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്നും നാലാഴ്‌ചയ്‌ക്കുശേഷം ഹർജി പരിഗണിക്കുമെന്ന്‌ കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News