നേരായ കളി കളിച്ചാല്‍ മതി ഇവിടെ ഇടതുപക്ഷമാണുള്ളത്; കേന്ദ്ര ഏജന്‍സികള്‍ക്ക് വിരട്ടാന്‍ പറ്റുന്ന മണ്ണല്ല ഇത്: മുഖ്യമന്ത്രി

കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ വിരട്ടാൻ പറ്റുന്ന മണ്ണല്ല കേരളത്തിലേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്‌ വേറൊരു മണ്ണാണ്, അവർ വിരട്ടിയതൊക്കെ അത്തരക്കാരുള്ള സ്ഥലത്താണ്‌. നിയമപ്രകാരം പ്രവർത്തിക്കാനേ കേന്ദ്ര ഏജൻസികൾക്ക്‌ അധികാരമുള്ളൂ. തോന്നിയതെന്തും ചെയ്യാൻ പറ്റില്ല.

നിയമവിരുദ്ധമായ കാര്യങ്ങളെ നിയമപരമായി നേരിടുമെന്ന്‌ അവർക്ക്‌ മനസ്സിലായി. നേരായ കളി കളിച്ചാൽ മതി. ഇവിടെ ഇടതുപക്ഷ സർക്കാരാണുള്ളത്‌‌. നേരല്ലാത്ത കളിയുംകൊണ്ട്‌ വന്നാൽ വല്ലാതെ ക്ഷീണിക്കും. വയനാട്ടിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ വികസനത്തിനെല്ലാം ഇടയാക്കിയത്‌ കിഫ്‌ബി സംവിധാനമാണ്‌. വലിയ വികസനങ്ങളിലൂടെ കേരളം മൊത്തം മാറുകയാണ്‌. വികസനം നടക്കരുതെന്ന്‌ ചിന്തിക്കുന്ന ദുഷ്ടശക്തികൾ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുകയാണ്‌.

യുഡിഎഫും ബിജെപിയുംചേർന്ന്‌ കേന്ദ്ര ഏജൻസികളെക്കൊണ്ടും‌ കിഫ്‌ബിയെ ഇല്ലാതാക്കാൻ നോക്കുന്നുണ്ട്‌. എന്നാൽ ഒരു ചുക്കും സംഭവിക്കില്ല. കാരണം കിഫ്‌ബി കേരള നിയമസഭയുടെ ഉൽപ്പന്നമാണ്‌. അതിന്റെ‌ നേതൃത്വത്തിലുള്ളത്‌‌ അന്താരാഷ്ട്ര അംഗീകാരമുള്ള സാമ്പത്തിക വിദഗ്‌ധരടങ്ങുന്ന ഭരണസമിതിയാണ്‌.

എൽഡിഎഫ്‌ സർക്കാർ കേരളത്തിന്റെ യശസ്സുയർത്തി, നമ്പർ വൺ സംസ്ഥാനമാക്കി മാറ്റി. അധികാരത്തിലേറിയപ്പോൾ ഏറ്റവും പ്രധാനം നാടിന്റെ സൽപ്പേര്‌ വീണ്ടെടുക്കലായിരുന്നു. യുഡിഎഫ്‌ ഭരണത്തിലുണ്ടായ ദുഷ്‌പ്പേര്‌ മാറ്റി. ഏറ്റവും മികവുറ്റ ഭരണസംവിധാനമുള്ള സംസ്ഥാനമായി കേരളം.

എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതയുള്ളവർ അവ തകർക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിനെതിരെ രാജ്യത്തിനകത്ത്‌ പലവിധ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഉയരുന്നുണ്ട്‌. അതിന്‌‌ നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്‌ മേൽക്കൈയുള്ള സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. അതിനാൽ ഈ തെരഞ്ഞെടുപ്പിന്‌ ദേശീയ തലത്തിൽ വലിയ പ്രാധാന്യമാണുള്ളത്‌. ജനങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിയെഴുത്താണ്‌ നടക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News