ജനങ്ങള്‍ക്ക് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയിലും വിശ്വാസത്തിലും പ്രതിപക്ഷം നിരാശയിലാണ്; നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന തീരുമാനങ്ങളില്‍ പോലും ഒപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറല്ല: മുഖ്യമന്ത്രി

പോയ അഞ്ചുവര്‍ഷക്കാലം കൊണ്ട് സംസ്ഥാനത്ത് ഇടതുപക്ഷം നടത്തിയ വികസന ഭരണ പദ്ധതികള്‍ ഇടതുപക്ഷത്തെ കൂടുതല്‍ ജനപിന്‍തുണയുള്ളതാക്കി തീര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തിലുള്ള ഈ പ്രതീക്ഷയും വിശ്വാസവും പ്രതിപക്ഷത്തെ വലിയ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന തീരുമാനങ്ങളില്‍ പോലും ഒപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായുള്ള പര്യടന പരിപാടിയില്‍ മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളെ ആര്‍ക്കും മറച്ചുവയ്ക്കാന്‍ ക‍ഴിയില്ലെന്നും നാടിന്‍റെ മാറ്റം ജനങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ടെന്നും പ്രചാരണ പരിപാടികളിലെ ജനപങ്കാളിത്തം ഇതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനമാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളം മാറില്ലെന്ന ജനങ്ങളുടെ ധാരണയെ മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിനായി.

സാമൂഹ്യ നീതിയിലധിഷ്ടിതമായ വികസനമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നതെന്നും വികസനത്തിന്‍റെ സ്വാദ് രുചിക്കാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക‍ഴിയണമെന്നതാണ് ഇടതുപക്ഷത്തിന്‍റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നല്ല നാടിന്‍റെ സാമ്പത്തിക വളര്‍ച്ച കൂടി പരിഗണിക്കണം സമ്പത്തിന്‍റെ വിതരണത്തിലെ അസമത്വം ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ പൊതുവായ വികസനത്തിന് ഉതകുന്ന തീരുമാനങ്ങളില്‍ പോലും ഒപ്പം നില്‍ക്കാന്‍ പ്രതിപക്ഷത്തിന് ക‍ഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായിക മേഖലയില്‍ കേരളത്തെ നിക്ഷേപ സൗഹൃദമാക്കി ഐടി മേഖലയിലും പോയ അഞ്ചുവര്‍ഷക്കാലം കൊണ്ട് കേരളം വലിയ മുന്നേറ്റം നടത്തി സ്റ്റാര്‍ട്ടപ്പുകളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം എന്നതും ശ്രദ്ധേയമാണ്. കേരളത്തിന്‍റെ വികസനത്തില്‍ നാ‍ഴികക്കല്ലായ ലൈഫ് മിഷനെയും കിഫ്ബിയെയും തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശ്രമിക്കുകയാണെന്നും കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ പരാതി നല്‍കിയ ഉടന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഇല്ലാതെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടുന്നു. കോണ്‍ഗ്രസ് ബിജെപി ചങ്ങാത്തം പുറത്തുവരുമെന്നായപ്പോ‍ഴാണ് നുണകള്‍ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിക്കാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി നേതാവ് ഒ രാജഗോപാലിന്‍റെ പ്രതികരണം ചിലമാധ്യമങ്ങള്‍ക്ക് മാത്രം വാര്‍ത്തയല്ല അനുഭവത്തിന്‍റെ വെളിച്ചത്തിലായിരിക്കുമല്ലോ അദ്ദേഹത്തെ പോലെ മുതിര്‍ന്ന നേതാവ് സംസാരിക്കുന്നത് എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ വരുമ്പോള്‍ ചെവിയില്‍ പഞ്ഞികയറ്റിയ നിലയിലാണ് പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങള്‍ക്ക് ജയിക്കാന്‍ ഒരു വര്‍ഗീയ ശക്തികളുടെയും പിന്‍തുണ വേണ്ട. പാര്‍ട്ടികളുടെ നിലപാട് ശുദ്ധമായിരിക്കണമെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ നാലുവോട്ടിനുവേണ്ടി നിലപാട് മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക‍ഴിഞ്ഞ തവണ നേമത്ത് ഉണ്ടാക്കിയ ധാരണ ഇത്തവണ മലമ്പു‍ഴയില്‍ ആവര്‍ത്തിക്കാനാണ് നീക്കം എന്നാല്‍ മലമ്പു‍ഴയുടെ ചരിത്രമറിയുന്നവര്‍ക്കറിയാം ഈ നീക്കം വിലപ്പോവില്ലെന്ന്. ആര്‍എസ്എസിന്‍റെ വെളിപ്പെടുത്തല്‍ അവരുടെ സംഘടനാ കാര്യമാണെന്നും അതില്‍ പ്രതികരിക്കാനൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News