സ്‌കറിയ തോമസിന് പ്രണാമമര്‍പ്പിച്ച് ജോസ് കെ മാണി

സ്‌കറിയ തോമസിന് പ്രണാമമര്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.
കേരളാ കോണ്‍ഗ്രസ്സ് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന ഞങ്ങളുടെ എല്ലാവരുടേയും പ്രിയപ്പെട്ട സ്‌കറിയ തോമസ് സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കൂപ്പുകൈകളോടെ പ്രണാമം.ആദരാഞ്ജലികള്‍! എന്നാണ് ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചത്.

രണ്ടുതവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയാ തോമസ് കേരള കോൺഗ്രസ് പാർട്ടിയുടെ കരുത്തുറ്റ നേതാവായിരുന്നു. ലോകസഭയിൽ കർഷകരുടെ സങ്കടങ്ങളും ആവശ്യങ്ങളും യഥാസമയം ഉന്നയിച്ച് പരിഹാരം കാണാൻ അദ്ദേഹം പരിശ്രമിച്ചു. എല്ലാവരുമായി  സ്നേഹവും സൗഹാർദ്ദവും സൂക്ഷിച്ചു. പ്രതിയോഗികൾക്ക് പോലും പ്രിയങ്കരനായിരുന്നു അദ്ദേഹം. കെ.എം. മാണി സാറുമായി ആത്മബന്ധം പുലർത്തിയിരുന്ന സ്കറിയാ തോമസിന്റെ വിയോഗത്തോടെ ഒരു കാലഘട്ടം അവസാനിച്ചതായി  ജോസ് കെ മാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചിരുന്നു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം എന്ന പാര്‍ട്ടിയുടെ ചെയര്‍മാനാണ്.1977-ലും 80-ലും കോട്ടയത്ത് എം.പിയായിരുന്നു.84-ലെ മല്‍സരത്തില്‍ സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.കേരളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്.

കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ പിളര്‍പ്പിന് ശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി.ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ചെയര്‍മാന്‍,കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എന്റര്‍ പ്രൈസസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോട്ടയം സി.എം. എസ്. കോളേജ് പൂര്‍വ്വവിദ്യാര്‍ഥി. ക്‌നാനായ സഭാ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കോട്ടയം കളത്തില്‍ കെ.ടി. സ്‌കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ-ലളിത, മക്കള്‍- നിര്‍മല,അനിത, സക്കറിയ, ലത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News