രാഹുല്‍ എവിടെ പോകുന്നു, എപ്പോള്‍ വരുന്നുയെന്ന് ആര്‍ക്കും അറിയില്ലെന്ന് പിസി ചാക്കോ; ഇടതുപക്ഷത്തെ ശത്രുവായി കാണരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞത് ഇങ്ങനെ

രാഹുല്‍ ഗാന്ധിക്കും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ചാക്കോ രംഗത്ത്. ബിജെപിയ്‌ക്കെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയമുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്ന കാര്യങ്ങള്‍ ആരും അറിയുന്നത് പോലുമില്ലെന്ന് പിസി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് കേന്ദ്രഏജന്‍സികളെക്കുറിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അത് പക്വതയില്ലാത്ത പ്രവൃത്തിയാണ്. കേന്ദ്രഏജന്‍സികള്‍ ചെയ്യുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിസി ചാക്കോ പറഞ്ഞു.

പിസി ചാക്കോ പറഞ്ഞത്: ”ബിജെപിക്കും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും എതിരെ വിപുലമായ സഖ്യം ഉയര്‍ന്നുവരണം. ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കേണ്ടതാണ്. ഇതിനുപോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മഹാമോശം കാര്യങ്ങളാണ് കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധി ചെയ്യാന്‍ ശ്രമിക്കുന്നത്.

കേരളത്തില്‍വന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് കേന്ദ്രഏജന്‍സികളെക്കുറിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പറയുന്നതിനു വിരുദ്ധമാണ്. ഇത് പക്വതയില്ലാത്ത പ്രവൃത്തിയാണ്. കേന്ദ്രഏജന്‍സികള്‍ ചെയ്യുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ ഗാന്ധിക്ക് പ്രസംഗം എഴുതിക്കൊടുക്കുന്നവരും പറഞ്ഞുകൊടുക്കുന്നവരും ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് എ കെ ആന്റണിയൊക്കെ ആലോചിക്കണം.”

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് രാഹുലിനോട് താന് ആവശ്യപ്പെട്ടിരുന്നെന്നും പിസി ചാക്കോ പറഞ്ഞു. രാഹുലിന് ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ ബിജെപിക്കെതിരെ കര്‍ണാടകത്തില്‍ ആകാമായിരുന്നെന്നും ചാക്കോ പറഞ്ഞു.

”രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെടുന്നു. വയനാട്ടില്‍ മത്സരിച്ചത് ഇതിന് ഉദാഹരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇതേപ്പറ്റി വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. അതുകേട്ട് അദ്ദേഹം സ്തബ്ധനായി. നിങ്ങള്‍ കേരളത്തില്‍നിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് ചോദിച്ചു. ഇടതുപക്ഷത്തെ ശത്രുപക്ഷത്ത് കാണരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു.

ഇടതുപക്ഷം എന്നത് ഒരു പാര്‍ട്ടിയല്ല. അതൊരു തത്വചിന്തയാണ്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇടതുപക്ഷത്തെ ശത്രുക്കളായി കണ്ടിട്ടില്ല. എ കെ ആന്റണിയോടും കെ സി വേണുഗോപാലിനോടും സംസാരിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ കര്‍ണാടകത്തില്‍ ആകാമായിരുന്നു. ബിജെപിക്ക് എതിരെ മത്സരിക്കാമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here