ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നേയാണ് രഘുനാഥ് പത്രിക സമര്‍പ്പിച്ചത്.

രഘുനാഥ് മല്‍സരിക്കട്ടെയെന്നാണ് കെ. സുധാകരനും കണ്ണൂര്‍ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നില്‍ നിര്‍ദേശം വെച്ചത്. അതേസമയം
കെ സുധാകരനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് കെ.പി.സി.സി സമ്മര്‍ദ്ദം ശക്തമാക്കുകയായിരുന്നു.

തന്റെ വിശ്വസ്തരുമായി ചര്‍ച്ച നടത്തിയ ശേഷം മല്‍സരിക്കാനില്ലെന്ന് കെ.സുധാകരന്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ ധര്‍മടത്തേക്കുള്ള ക്ഷണത്തെ സ്നേഹപൂര്‍വം നിരസിക്കുന്നുവെന്നും നിലവില്‍ അത്തരത്തിലൊരു തീരുമാനത്തിന്‍റെ ആവശ്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

പ്രത്യേക പത്രസമ്മേളനം വിളിച്ചാണ് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള താല്‍പര്യക്കുറവിനെ അറിയിച്ചതെന്നതും ശ്രദ്ധേയമായി. ഇതിലൂടെ കെ സുധാകരനിലേക്ക് വീണ്ടുമൊരു സമ്മര്‍ദ്ദത്തിനുള്ള കെപിസിസി നേതൃത്വത്തിന്‍റെ അവസരത്തിനാണ് സുധാകരന്‍ തന്ത്രപരമായി തടയിട്ടത്.

താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്ലാം മത്സരിക്കുന്നത് ജില്ലയിലെ മറ്റുമണ്ഡലങ്ങളിലെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ന്യായീകരണമാണ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുകൊണ്ട് കെ സുധാകരന്‍ നിരത്തിയത്. ധര്‍മടത്ത് പ്രധാനിയായ മറ്റൊരു വ്യക്തി മത്സരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കുമ്പോ‍ഴും മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ക‍ഴിയുന്നില്ലെന്നതാണ് പ്രധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here