ഇരിക്കൂറിൽ അനുനയത്തിന്‌ ഉമ്മൻചാണ്ടി; അമർഷമടങ്ങാതെ അണികൾ

സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന്റെപേരിൽ കലാപമുയർന്ന ഇരിക്കൂറിൽ എ ഗ്രൂപ്പിനെ ബലിയാടാക്കാൻ ഉമ്മൻചാണ്ടി വെള്ളിയാഴ്‌ച കണ്ണൂരിലെത്തും. രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ച ഏഴ്‌ സീറ്റുകളിൽ എ ഗ്രൂപ്പിന്‌ മേൽക്കൈ ലഭിച്ചെന്ന വാദമാകും ഉമ്മൻചാണ്ടി നിരത്തുക. അതോടെ, സജീവ്‌ ജോസഫിനു പകരം സോണി സെബാസ്‌റ്റ്യനെ സ്ഥാനാർഥിയാക്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം നടപ്പാകാതെയാകും. എന്നാൽ, പ്രവർത്തകർ ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽതന്നെയാണ്‌.

രണ്ടാം ഘട്ടത്തിൽ കുണ്ടറയിൽ പി സി വിഷ്‌ണുനാഥിനും കൽപ്പറ്റയിൽ ടി സിദ്ദിഖിനും നിലമ്പൂരിൽ വി വി പ്രകാശിനും സീറ്റ്‌ ഉറപ്പിക്കാനായതിനാൽ ഇരിക്കൂർ അവകാശവാദം ഉപേക്ഷിക്കണമെന്ന്‌ ഉമ്മൻചാണ്ടി ആവശ്യപ്പെടും. അടുത്ത തവണ സോണി സെബാസ്‌റ്റ്യന്‌ സീറ്റ്‌ നൽകുമെന്ന വാഗ്ദാനവും മുന്നോട്ടുവയ്‌ക്കും. സോണി സെബാസ്‌റ്റ്യന്‌ ഡിസിസി പ്രസിഡന്റു‌സ്ഥാനം നൽകാമെന്ന, എം എം ഹസ്സന്റെയും കെ സി ജോസഫിന്റെയും നിർദേശം എ ഗ്രൂപ്പ്‌ തള്ളിയിരുന്നു. എന്നാൽ, ഉമ്മൻചാണ്ടിയുടെ അനുനയത്തിന്‌‌ എ ഗ്രൂപ്പ്‌ കീഴടങ്ങാനാണ്‌ സാധ്യത.

ഇരിക്കൂറിലെ എ ഗ്രൂപ്പുകാരെ രാപകൽ സമരത്തിനും മണ്ഡലം കൺവൻഷനും ഇറക്കിവിട്ടതുകൊണ്ട്‌‌ കൽപ്പറ്റയും നിലമ്പൂരും കുണ്ടറയും സ്വന്തക്കാർക്കായി പിടിച്ചുവാങ്ങാൻ ഉമ്മൻചാണ്ടിക്കായി. അതോടെ ഇരിക്കൂറിനെ കൈവിടുകയുംചെയ്‌തു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ‌ അടുപ്പക്കാരനാണ്‌ സ്ഥാനാർഥി സജീവ്‌ ജോസഫ്‌. മറ്റു മണ്ഡലങ്ങളിൽ സ്വന്തക്കാർക്ക്‌ സീറ്റുറപ്പിച്ച ഉമ്മൻചാണ്ടി എ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റായ ഇരിക്കൂർ കൈയൊഴിഞ്ഞതിൽ പ്രവർത്തകർ അമർഷത്തിലാണ്‌. മണ്ഡലത്തിലെ 190 ബൂത്ത്‌ പ്രസിഡന്റുമാരിൽ 120 പേർ എ ഗ്രൂപ്പ്‌ കൺവൻഷനെത്തിയിരുന്നു. അടുത്ത തവണ സോണി സെബാസ്‌റ്റ്യന്‌ സീറ്റ്‌ നൽകാമെന്നു പറയുന്നതിൽ കാര്യമില്ലെന്നാണ്‌ എ വിഭാഗം പ്രവർത്തകർ പറയുന്നത്‌. അഞ്ചു വർഷത്തിനുശേഷമുള്ള രാഷ്‌ട്രീയ സാഹചര്യം ഇപ്പോൾ പറയുന്നതെങ്ങനെയെന്നാണ്‌ അവർ ചോദിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News