എ രാജ – തോട്ടം തൊഴിലാളികളുടെ മകൻ,പരിശ്രമിയായ വിദ്യാർത്ഥി,ഉജ്ജ്വല സംഘാടകൻ

ഏറെ കാത്തിരിപ്പിനൊടുവിലാണ് ദേവികുളത്തുകാർക്ക് തങ്ങളുടെ സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ കഴിഞ്ഞത്, പക്ഷേ ആ കാത്തിരിപ്പ് വെറുതെയായില്ല. ആ നാടിനെ അറിയുന്ന, അവിടുത്തെ ജനങ്ങളുമായി നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്ന ഒരാളെ തന്നെയാണ് എൽ ഡി എഫ് നിയോഗിച്ചിരിക്കുന്നത്, ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് എ രാജ.

മൂന്നാറിൽ നിന്നും 26 കിലോമീറ്റർ അകലെ കുണ്ടളയെന്ന ഗ്രാമത്തിലാണ് തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്റെയും ഈശ്വരിയുടെയും മകനായി എ രാജയുടെ ജനനം. പരിമിതികളുടെ നടുവിൽ നിന്നുമാണ് കോയമ്പത്തൂർ ലോ കോളജിലെത്തുന്നതും നിയമ പഠനത്തിൽ ബിരുദം നേടുന്നതും.
പഠനത്തിനു ശേഷം ദേവികുളം മുൻസിഫ് കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച രാജ 2009 ലാണ് ഡിവൈഎഫ് ഐ യിൽ സജീവമാകുന്നത്. ഗുണ്ടള യൂണിറ്റ് കമ്മറ്റിയംഗമായായിരുന്നു തുടക്കം. പിന്നീട് ഡിവൈഎഫ്ഐ മൂന്നാർ ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി, ഇടുക്കി ജില്ലാ ട്രഷറർ , സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.

ഇടമലക്കുടിയടക്കമുള്ള അതിവിദൂര പ്രദേശങ്ങളിലുൾപ്പെടെ വാഹനവും വൈദ്യുതിയുമെത്താതിരുന്ന കാലത്തും രാജയുടെ നേതൃത്വത്തിൽ ഡിവൈ എഫ് ഐ പ്രവർത്തകർ സജീവമായി ഇടപെട്ടിരുന്നു. തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും കുട്ടികൾക്കുള്ള പഠന സഹായങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ എന്നിങ്ങനെ തൻറെ ജനതയെ ഒപ്പം ചേർത്തുനിർത്തുന്ന ഒട്ടനവധി പരിപാടികൾ രാജയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടന്നിട്ടുണ്ട്.

പെട്ടിമുടി ദുരന്ത സമയത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ആദ്യാവസാനം തന്റെ സഖാക്കളെയും സംഘടിപ്പിച്ച് രാജ മുൻനിരയിലുണ്ടായിരുന്നു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആക്രി ശേഖരണത്തിലൂടെ 30 ലക്ഷം രൂപയാണ് രാജയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ ഇടുക്കി ജില്ലയിൽ നിന്നും സമാഹരിച്ച് നൽകിയത്.

ഗവൺമെന്റ് പ്ലീഡറന്ന ചുമതലയിലിരിക്കുമ്പോഴും സംഘടന ഏൽപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്വന്തം പ്രവർത്തകർക്കൊപ്പം ചേർന്ന് നിൽക്കുന്ന രാജ രാഷ്ട്രീയത്തിനപ്പുറം ദേവികുളത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയങ്കരനാണ്. ഭൂമിശാസ്ത്രപരമായും സാമൂഹ്യപരമായും ഏറെ പ്രധാനപ്പെട്ടൊരു മണ്ഡലമാണ് ദേവികുളം. ഒരു ഭാഗം എറണാകുളം ജില്ലയുമായും മറ്റൊരറ്റം തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയുമായും അതിർത്തി പങ്കിടുന്നു. തമിഴ് – മലയാള സംസ്ക്കാരങ്ങളുടെ സങ്കരഭൂമി. അവിടെ അടിത്തട്ടിലെ ജനങ്ങളുടെ ദുരിതങ്ങളും ജീവിത ക്ലേശങ്ങളും നേരിട്ടനുഭവിച്ച, ആ ഇല്ലായ്മകളിൽ നിന്നും കഴിവും കഠിനാധ്വാനവും കൊണ്ട് വളർന്നു വന്ന രാജയ്ക്ക് തൻറെ മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധിയായി മാറാൻ കഴിയുമെന്ന് ഉറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News