ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിവ് കീഴടക്കി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് കരുത്തരായ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ 177 റണ്‍സില്‍ എറിഞ്ഞൊതുക്കിയത്. മൂന്ന് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും ഒരു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും ഇന്ത്യക്കായി തിളങ്ങി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 185/8, ഇംഗ്ലണ്ട് 20 ഓവറില്‍ 177/8.

ഇംഗ്ലണ്ടിന്‍റെ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ജോസ് ബട്‌ലറെ തുടക്കത്തിലെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്. ആറ് പന്തില്‍ 9 റണ്‍സായിരുന്നു ബട്‌ലറുടെ സംഭാവന. ഒരറ്റത്ത് ജേസണ്‍ റോയ് നിലയുറപ്പിച്ചശേഷം അടി തുടങ്ങിയെങ്കിലും ഡേവിഡ് മലന് കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. മലനെ(17 പന്തില്‍ 14) ബൗള്‍ഡാക്കി രാഹുല്‍ ചാഹര്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ റോയിയെ(27 പന്തില്‍ 40)ഹര്‍ദ്ദിക് പാണ്ഡ്യ മടക്കിയതോടെ ഇംഗ്ലണ്ട് ബാക്ക് ഫൂട്ടിലായി.

ബെന്‍ സ്റ്റോക്സും ജോണി ബെയര്‍സ്റ്റോയും നിലയുറപ്പിച്ച് അടി തുടങ്ങിയതോടെ ഇന്ത്യ ഒന്ന് വിറച്ചു. മഞ്ഞു വീഴ്ചമൂലം സ്പിന്നര്‍മാര്‍ പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടിയതോടെ ഇന്ത്യ കളി കൈവിടുമെന്ന് തോന്നിച്ചു. എന്നാല്‍ ബെയര്‍സ്റ്റോയെ(19 പന്തില്‍ 25) രാഹുല്‍ ചാഹര്‍ മടക്കിയതിന് പിന്നാലെ ഒരോവറില്‍ അപകടകാരികളായ സ്റ്റോക്സിനെയും(23 പന്തില്‍ 46) ഓയിന്‍ മോര്‍ഗനെയും(4) വീഴ്ത്തി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel