ഗിറ്റാറിസ്റ്റ് ആര്‍ച്ചി ഹട്ടന്‍ അന്തരിച്ചു

ഗിറ്റാറില്‍ പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികതയിലൂടെ മലയാളി മനസിലേക്ക് പെയ്തിറങ്ങിയ ഗിറ്റാറിസ്റ്റ് ആര്‍ച്ചി ഹട്ടന്‍ (86) നിര്യാതനായി. നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയാണ് വ്യാഴാഴ്ച രാത്രി നിലച്ചത്.

ജീം റീവ്സിന്റെയും ക്ലിഫ് റിച്ചാര്‍ഡിന്റെയും പ്രശസ്തമായ ഗാനങ്ങളിലൂടെ ആര്‍ച്ചി മലയാളിയെ കോരിത്തരിപ്പിച്ചിരുന്നു. കെ ജെ യേശുദാസുസള്‍പ്പെടെ പ്രമുഖ ഗായകര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, അര്‍ജുനല്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ബാബുരാജ്, ജോണ്‍സന്‍, ചിദംബരനാഥ് എന്നിവര്‍ക്കൊപ്പവും ആര്‍ച്ചിയുടെ സംഗീതം മലയാളി ആസ്വദിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്നു ഹവായന്‍ ഗിറ്റാറില്‍ മാസ്മരിക പ്രകടനം നടത്തുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളായ ആര്‍ച്ചി.

അശോകപുരത്തെ സലില്‍ ഹട്ടന്‍ വസതയിലായിരുന്നു ഏറെക്കാലമായി താമസം. ഭാര്യ: ഫ്‌ലോറിവല്‍ ഹട്ടന്‍(റിട്ട. അധ്യാപിക, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍). മക്കള്‍: വിനോദ് ഹട്ടന്‍(പ്രൊഫഷണല്‍ ഗിറ്റാറിസ്റ്റ്, മുംബൈ, സലിന്‍ ഹട്ടന്‍(സംഗീതജ്ഞന്‍, മുംബൈ), സുജാത ഹട്ടന്‍(അധ്യാപിക, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍).

ജീം റീവ്സിന്റെ ‘ബില്ലി ബില്ലി ബായോ… വാച്ച് വേര്‍ യു ഗോ….’ മലയാളി കേട്ടാസ്വദിച്ചത് ആര്‍ച്ചി ഹട്ടന്റെ ഗിറ്റാറിലൂടെയായിരുന്നു. ഗിറ്റാറിന്റെ തന്ത്രികളില്‍ എല്ലാം മറന്ന് ഈണമിട്ട വിരലുകള്‍ ഇനി നിശ്ചലം. അശോകപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഗിറ്റാറിസ്റ്റ് ആര്‍ച്ചി ഹട്ടന്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്.

ഗസലിനെയും ഖവാലിയെയും നാടന്‍ പാട്ടുകളെയും സ്‌നേഹിക്കുന്ന കോഴിക്കോടിന് പാശ്ചാത്യ സംഗീതത്തെ പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു ആര്‍ച്ചി. ശബ്ദത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാക്കുന്ന ‘യോഡ്‌ലിങ്’ രീതിയില്‍ വ്യത്യസ്ത തീര്‍ക്കാനും അദ്ദേഹത്തിനായി. ‘ലൗ ഇന്‍ കേരള’ എന്ന ചിത്രത്തില്‍ എല്‍ആര്‍ ഈശ്വരിക്കൊപ്പം പാടിയ ‘ലൗ ഇന്‍ കേരള’ എന്ന പാട്ട് അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു.

ജി വി ഹട്ടന്റെയും ബിയാട്രീസിന്റെയും എട്ടുമക്കളില്‍ ഏഴാമനായിരുന്നു ആര്‍ച്ചി. സംഗീതവുമായി അടുത്തുനിന്ന കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നാല്‍ സ്റ്റാന്‍വില്ല സംഗീതസഭയായി മാറുമായിരുന്നു. സഹോദരന്‍ സ്റ്റാന്‍ലി രൂപീകരിച്ച ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാനിയായിരുന്നു ആര്‍ച്ചി. എണ്‍പതുകളില്‍ ഡ്രഡ് ലോക്ക്സ് എന്ന പേരില്‍ സംഗീതട്രൂപ്പ് ആരംഭിച്ച സലില്‍ ഹട്ടന്‍ മുംബൈയിലെ പോപ്പ് സംഗീത ലോകത്തും അറിയപ്പെട്ടു. സഹോദരന്മാരിലൊരാളായ റോള്‍സ് ഹട്ടന്‍ ക്രിക്കറ്റ് താരമായിരുന്നു. കേരളത്തിനായി രഞ്ജി ട്രോഫിയും കളിച്ചിട്ടുണ്ട്.

ജിം റീവ്‌സ്, എല്‍ട്ടന്‍ ജോണ്‍, ക്ലിഫ് റിച്ചാര്‍ഡ്, ബീറ്റില്‍സ് തുടങ്ങിയവരുടെ ഗാനങ്ങള്‍ ആര്‍ച്ചിയുടെ സ്പെഷ്യല്‍ ഐറ്റങ്ങളായിരുന്നു.തന്റെ മക്കളായ വിനോദിനെയും സലിനെയും ആര്‍ച്ചി പാട്ടിന്റെ വഴിയിലൂടെ കൈപിടിച്ചു നടത്തി. മുംബൈയില്‍ സംഗീത ലോകത്ത് തിരക്കിലാണ് ഇരുവരുമിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News