സംസ്ഥാനത്ത് തുടര്‍ഭരണം തടയാന്‍ പ്രതിപക്ഷം വിമോചന സമര രാഷ്ട്രീയം പയറ്റുന്നു; തീവ്രവര്‍ഗീയതയും പെരുംനുണകളുമാണ് പ്രതിപക്ഷത്തിന്‍റെ കൂട്ട്: എ വിജയരാഘവന്‍

തുടര്‍ഭരണം തടയാന്‍ യുഡിഎഫും എന്‍ഡിഎയും വിമോചനസമര രാഷ്ട്രീയം പയറ്റുന്നുവെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

ഇതിനായി പ്രതിപക്ഷം തീവ്രവര്‍ഗീയതയെയും പെരുംനുണകളെയും കൂട്ടുപിടിക്കുന്നുവെന്നും വിമര്‍ശനം. ആധുനിക കേരളം പടുത്തുയര്‍ത്താന്‍ തുടര്‍ഭരണം അനിവാര്യമാണെന്നും ദേശാഭിമാനിയിലെ‍ഴുതിയ ഇഎംഎസ് അനുസ്മരണ ലേഖനത്തില്‍ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

ഒന്നാം ഇഎംഎസ് സര്‍ക്കാരിനെതിരായ വിമോചന സമരം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ നീക്കങ്ങള്‍ക്കെതിരായ സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ വിമര്‍ശനം. സംസ്ഥാന വികസന ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഒന്നാം ഇഎംഎസ് സര്‍ക്കാരായിരുന്നു.

ആ സര്‍ക്കാരിനെ വലതുപക്ഷ യാഥാസ്ഥിതിക ശക്തികള്‍ വിമോചന സമരം നടത്തി പുറത്താക്കി. നാടിന് നന്മ ചെയ്യുകയും പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ ലോകമാതൃകയാകുകയും ചെയ്ത പിണറായി സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ മോദി സര്‍ക്കാരിന്‍റെ പിന്തുണയോടെ കേരളത്തില്‍ യുഡിഎഫും ബിജെപിയും ചെയ്യുന്നത് അതേ പ്രവൃത്തി തന്നെയാണെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ‍ഴിവിട്ട നീക്കങ്ങളെ ഇതിനുദാഹരണമായി പരാമര്‍ശിക്കുന്നു. തുടര്‍ഭരണം തടയാന്‍ കാലഹരണപ്പെട്ട വിമോചന സമര രാഷ്ട്രീയമാണ് യുഡിഎഫും, എന്‍ഡിഎയും പയറ്റുന്നത്. ഇതിനായി ഇരുകൂട്ടരും തീവ്രവര്‍ഗീയതയെയും പെരും നുണകളെയും കൂട്ടുപിടിക്കുകയാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ യുഡിഎഫ് – എൻഡിഎ കുപ്രചരണങ്ങള്‍ ഫലം കാണില്ലെന്ന് വിമോചന സമരാനന്തരം നടന്ന തെരഞ്ഞെടുപ്പിലെ ഇടത് പക്ഷത്തിന്‍റെ പ്രകടനം ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍ത്ഥിക്കുന്നു. ആ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നാല് ശതമാനം വോട്ടുകള്‍ അധികമായാണ് ലഭിച്ചത്.

ഇത്തവണ സീറ്റെണ്ണത്തിലും വോട്ട് ശതമാനത്തിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് വിജയരാഘവന്‍ പറയുന്നു. പുതിയ കേരളം എന്ന ദിശയിലേക്ക് ക‍ഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് കാ‍ഴ്ചവച്ചത്.

ആ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമ്പോ‍ഴാണ് ആധുനിക കേരളം പടുത്തുയര്‍ത്താന്‍ സാധിക്കുക. ഇതിന്‍റെ ഭാഗമായി വിമോചന സമര രാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍ ഇടത്പക്ഷത്തെ സ്നേഹിക്കുന്നവര്‍ അക്ഷീണം പരിശ്രമിക്കണമെന്നും ലേഖനത്തില്‍ വിജയരാഘവന്‍ ആഹ്വാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here