അംബാനി ബോംബ് ഭീഷണി; വാഹന ഉടമയെ ജീവനോടെ കടലിൽ തള്ളിയതാകാമെന്ന് അന്വേഷണ സംഘം

വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മരണം ആത്മഹത്യയായിരുന്നുവെന്നായിരുന്നു ഇത് വരെയുള്ള നിഗമനം.

എന്നാൽ ഹിരേനിനെ ജീവനോടെ കടലിടുക്കിലേക്ക് എറിഞ്ഞതാകാമെന്ന് കേസന്വേഷിക്കുന്ന എ.ടി.എസ്. സംഘം സംശയിക്കുന്നു. ഹിരെൻ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബാംഗങ്ങളും മൊഴി നൽകിയതിന് പുറകെയാണ് മൃതദേഹത്തിൽ ഡയാറ്റം പരിശോധന നടത്തിയ വിദഗ്ദർ അന്വേഷണ ഉദ്യോഗസ്ഥർക്ക് പുതിയ വിവരങ്ങൾ കൈമാറിയത്.

സ്ഫോടകവസ്തുക്കളുമായി കണ്ടെടുത്ത വാഹനം ഹിരേനിന്റേതാണെന്ന് വ്യക്തമായതിനു പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഹിരേനെ കാണാതാകുന്നതും മൃതദേഹം കൽവ കടലിടുക്കിൽ കണ്ടെടുക്കുന്നതും. വെള്ളത്തിൽ വീഴുമ്പോൾ ഹിരേനിന് ജീവനുണ്ടായിരുന്നെന്നും മരണത്തിന് മുമ്പ് മൃതദേഹത്തിൽ പരിക്കുകളുണ്ടായിരുന്നെന്നുമാണ് പുതിയ വിവരങ്ങൾ. വൈദ്യശാസ്ത്ര വിദഗ്ധർ അന്വേഷണ സംഘത്തിനു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

വെള്ളത്തിൽ കാണപ്പെടുന്ന ഏകകോശ സസ്യങ്ങളാണ് ഡയാറ്റമുകൾ. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഈർപ്പമുള്ള പ്രദേശങ്ങളിലും ഡയാറ്റമുകൾ സമൃദ്ധമായി കാണാം. വെള്ളത്തിൽ വീഴുന്നയാൾ മുങ്ങിത്താഴുമ്പോൾ ശ്വാസമെടുക്കാൻ ശ്രമിച്ചാൽ മാത്രമാണ് ഇവ ശ്വാസകോശത്തിലെത്തുന്നത്. അത് കൊണ്ട് തന്നെ ശ്വാസകോശത്തിൽ ഡയാറ്റം കണ്ടെത്തിയെങ്കിൽ വെള്ളത്തിലേക്ക് വീഴുമ്പോൾ ജീവനുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഹരിയാനയിലെ സർക്കാർ ലാബിൽ വിദഗ്ധ പരിശോധനക്ക് അയക്കുവാനാണ് പുതിയ തീരുമാനം.

ഹിരെന് നീന്തൽ നന്നായി വശമുണ്ടായിരുന്നുവെന്ന് ഭാര്യ വിമല ഹിരേൻ മൊഴി നൽകിയിരുന്നു. അത് കൊണ്ട് തന്നെ മർദിച്ച് അവശനാക്കിയ ശേഷമോ മയക്കുമരുന്ന് മണപ്പിച്ച് ബോധം നഷ്ടപ്പെടുത്തിയതിന് ശേഷമായിരിക്കാം ഹിരേനിനെ കടലിടുക്കിലേക്ക് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. മരണ സമയത്ത് ഹിരെൻ ധരിച്ചിരുന്ന മാസ്ക്കിന് താഴെയായി ഒരു കർച്ചീഫ് കെട്ടിയിരുന്നു. ഇത് ക്ളോറോഫോം പുരട്ടിയതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

ഹിരേനിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും വാച്ചും പേഴ്‌സും സ്വർണാഭരണവുമൊന്നും ഇനിയും കണ്ടെത്തിയിട്ടില്ല. മാത്രമല്ല മരണത്തിന് മുമ്പ് കൈവശമുണ്ടായിരുന്ന ഹിരേനിന്റെ മൊബൈൽ ഫോൺ ലൊക്കേഷനുകൾ മാറികൊണ്ടിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

ഹിരേനിന്റെ മരണത്തിനു പിന്നിൽ അറസ്റ്റിലായ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാസേയാണെന്ന് ‌ സംശയമുള്ളതായി ഭാര്യ വിമല എ.ടി.എസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ താൻ ചെറിയ കണ്ണി മാത്രമാണെന്ന് കഴിഞ്ഞ ദിവസം സച്ചിൻ വാസെ നടത്തിയ കുറ്റസമ്മതവും നിർണായകമാണ്. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ദിശ മാറുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വന്നേക്കാം.

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ ബിജെപി ശിവസേന രാഷ്ട്രീയ പോരിന്റെ മറ്റൊരു അദ്ധ്യായമായി മാറുകയാണ് ബോംബ് ഗൂഢാലോചന കഥയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News