
തൃപ്പൂണിത്തുറയില്‍ ബിജെപിയുമായി അവിശുദ്ധ ബാന്ധവത്തിലൂടെ വോട്ട് കച്ചവടം നടത്തി വിജയിക്കാനാണ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന്‍റെ ശ്രമമെന്ന് എം സ്വരാജ്. ബാബുവിന്‍റേത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ്.
അവിശുദ്ധ ബാന്ധവവും വോട്ട് കച്ചവടവും ജനങ്ങൾ നിരാകരിക്കും.കെ.ബാബുവിനെതിരായ വിജിലൻസ് കേസ് അവസാനിച്ചുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ ബി ജെ പി വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ തവണ ബി ജെ പി ക്ക് ചെയ്ത വോട്ടുകള്‍ ഇത്തവണ തനിക്ക് നല്‍കാമെന്ന് പലരും വിളിച്ചറിയിച്ചിരുന്നുവെന്നും ബാബു പറഞ്ഞിരുന്നു.ബി ജെ പി കോണ്‍ഗ്രസ്സ് വോട്ട് കച്ചവടം ഉറപ്പിച്ചതിന് തെളിവാണ് ബാബുവിന്‍റെ ഈ വെളിപ്പെടുത്തലെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു.
25 വര്‍ഷം എം എല്‍ എയായിരുന്നയാള്‍ക്ക് രാഷ്ട്രീയം പറഞ്ഞ് നേരായ വഴിയിലൂടെ വിജയിക്കാന്‍ കഴിയാത്തതിനാല്‍ വളഞ്ഞവഴി സ്വീകരിക്കുകയാണ്. രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത അവിശുദ്ധ ബാന്ധവവും വോട്ട് കച്ചവടവും ജനങ്ങൾ നിരാകരിക്കുമെന്നും സ്വരാജ് പറഞ്ഞു.
കെ ബാബുവിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയെന്നും കേസുകളെല്ലാം അവസാനിപ്പിച്ചുവെന്നുമുള്ള പ്രചാരണം പച്ചക്കള്ളമാണ്. വിജിലൻസ് കോടതി മുമ്പാകെ അത്തരം ഒരു റിപ്പോർട്ടും സമർപ്പിക്കപ്പെട്ടിട്ടില്ല. കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
തൃപ്പൂണിത്തുറയില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബി ജെ പിയിലേക്ക് പോകാന്‍ കെ ബാബു ധാരണയുണ്ടാക്കിയിരുന്നതായി ഡി സി സി ജനറല്‍ സെക്രട്ടറി എ ബി സാബു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബാബുവിന് സീറ്റ് ലഭിച്ചു.ഇതിന് പിറകെയാണ് വോട്ട് കച്ചവടം സംബന്ധിച്ച ബാബുവിന്‍റെ വെളിപ്പെടുത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here