മുംബൈയിൽ മാളുകളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് ഉറപ്പാക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാനഗരം

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി വർദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെ സാഹചര്യം കണക്കിലെടുത്തു നഗരത്തിലെ മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ബിഎംസി.

സന്ദർശകർ ഇനി മുതൽ കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട് കൈവശം വയ്ക്കണം. ഇല്ലെങ്കിൽ മാളിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകണമെന്നത് നിർബന്ധമാണ്. കൊറോണ വൈറസ് പരിശോധന സാമ്പിളുകൾ എടുക്കുന്നതിനായി എല്ലാ മാളുകളിലും സ്വാബ് ശേഖരണ സൗകര്യം ഉണ്ടായിരിക്കണമെന്ന് ബിഎംസി നിർബന്ധമാക്കി. ഇതിനായി ഓരോ മാളിന്റെയും പ്രവേശന കവാടത്തിൽ ഒരു ടീമിനെ വിന്യസിക്കും. പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ഉടനെ തന്നെ കോവിഡ് കേന്ദ്രങ്ങളിലെത്തിക്കും.

മുംബൈ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും പുതിയ കോവിഡ് -19 കേസുകളുടെ വ്യാപനം തുടരുകയാണ്. മുംബൈയിലെ ഏറ്റവും ഉയർന്ന ഏകദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മുംബൈയിൽ 2,877 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി മാസം വരെ നിയന്ത്രണ വിധേയമായിരുന്ന കോവിഡ് -19 കേസുകൾ തുടർന്നുള്ള ദിവസങ്ങളിൽ വർദ്ധിച്ചതോടെ മുംബൈയിൽ രോഗമുക്തി നിരക്ക് 93 ശതമാനത്തിൽ നിന്ന് 91 ശതമാനമായി കുറഞ്ഞു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,428 ആണ്. ഒരുകാലത്ത് കോവിഡ് -19 ഹോട്ട്‌സ്‌പോട്ടായിരുന്ന ധാരാവിയും രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കയാണ്.

പല ഭാഗങ്ങളിലെയും സ്ഥിതി ദയനീയമാണ്. നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു. എന്നാൽ തിരക്കില്ലാത്ത സമയത്ത് കർഫ്യു ഏർപ്പെടുത്തുന്നത് കൊണ്ട് എന്ത് പ്രയോജനമെന്ന് പലരും ചോദിക്കുന്നുണ്ട്. പകൽ നഗരത്തിന്റെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കറങ്ങി നടക്കുന്നത് നിയന്ത്രിക്കാനാവാതെ രാത്രി കർഫ്യു പ്രഖ്യാപിച്ചത് കൊണ്ട് ഫലപ്രാപ്തി കാണില്ലെന്നാണ് വിദഗ്ധരും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News