ആലപ്പുഴ: ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി ആലപ്പുഴ വലിയ ചുടുകാട് പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ നടപടി വിവരക്കേടാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ പ്രതികരിച്ചു.
വാർത്താ താളുകളിൽ ഇടംപിടിക്കാൻ വേണ്ടി ഏറ്റവും വിലകുറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ ബിജെപി സ്ഥനാർഥി സ്വീകരിച്ചിട്ടുള്ളത്. ഇതിന് മുൻപ് എത്രയോ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയുടെയും മറ്റു പാർട്ടികളുടെയും എത്രയോ നേതാക്കൾ മത്സരിച്ചിട്ടുണ്ട്. അവരൊന്നും ഒന്നും ചെയ്തിട്ടില്ലല്ലോ എന്നും ചിത്തരഞ്ജൻ ചോദിച്ചു.
പുന്നപ്ര – വയലാർ സമരം ഈ രാജ്യത്തെ സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമാണ്. നാടുവാഴിത്വിത്തിനും ജന്മിത്വത്തിനും എതിരായ അതിശക്തമായ പോരാട്ടമാണ് സ്വന്തം ജീവിതം ബലിയർപ്പിച്ച് കൊണ്ട് നൂറുകണക്കിന് രക്തസാക്ഷികൾ നടത്തിയത്.
അവരുടെ ഉജ്ജ്വലമായ പാരമ്പര്യവും അധിക്ഷേപിക്കുവാനും രക്തസാക്ഷി മണ്ഡപത്തെ നിന്ദിക്കുവാനുമുള്ള സമീപനം അങ്ങേയറ്റം അപലപനീയമാണ്. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിയന്ത്രണത്തിലുള്ള ഭൂമിയിലാണ് രക്തസാക്ഷി മണ്ഡപം നിലകൊള്ളുന്നത്.
അവിടെ അതിക്രമിച്ച് കടന്നാണ് പുഷ്പാർച്ചന നടത്തിയത്. ഇത് വളരെ ബോധപൂർവ്വം കുഴപ്പങ്ങളുണ്ടാക്കി, സമാധാനപൂർവ്വമായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ട് സ്ഥാനാർഥിയുടെ ഈ നടപടി ശരിയാണോയെന്ന് പരിശോധിച്ച് ബിജെപിയുടെ നിലപാട് വ്യക്തമാക്കണമെന്നും ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.