സൗദിയിൽ ആറു വയസ്സ് മുതൽ പ്രായമുള്ള എല്ലാ പ്രവാസികളും വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്

പ്രവാസി കുടുംബാംഗങ്ങളുടെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന ആവര്‍ത്തിച്ച മുന്നറിയിപ്പുമായി സൗദി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാസ്‌പോര്‍ട്ട്സ് (ജവാസാത്ത്) അധികൃതര്‍. കുടുംബത്തിലെ ആറ് മുതല്‍ വയസുള്ള മുഴുവന്‍ അംഗങ്ങളും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. എങ്കില്‍ മാത്രമേ അവരുടെ താമസ രേഖയുമായി ബന്ധപ്പെട്ടും യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാനും കഴിയൂവെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.

നിയമം നേരത്തേ നിലവിലുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നിര്‍ദ്ദേശവുമായി ജവാസാത്ത് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ കരണങ്ങളാലും പ്രവാസി കുടുംബാംഗങ്ങളുടെ താമസം നിയമ വിധേയമാക്കുന്നതിനും വിരലടയാളം ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് അഭ്യര്‍ത്ഥിച്ചു.

മുഴുവന്‍ പ്രവാസികള്‍ക്കും രാജ്യത്ത് സന്ദര്‍ശനം നടത്തുന്നവര്‍ക്കും തീര്‍ഥാടകര്‍ക്കും ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നത് സൗദി അറേബ്യ നേരത്തേ നിര്‍ബന്ധമാക്കിയതാണ്. നടപടി പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ട് വകുപ്പിനെയോ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സെല്‍ഫ് സര്‍വിസ് രജിസ്‌ട്രേഷന്‍ സ്റ്റേഷനെയോ ആണ് സമീപിക്കേണ്ടതെന്നും ജവാസാത്ത് അറിയിച്ചു. താമസ രേഖ (ഇഖാമ), റീ എന്‍ട്രി, എക്സിറ്റ് വിസ എന്നിവയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിരലടയാളം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

2014 മുതല്‍ ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്കും പിന്നീട് ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് നിര്‍ബന്ധമാക്കി. 3.4 കോടിയിലേറെ ജനസംഖ്യയുള്ള സൗദിയില്‍ ഒരു കോടി വിദേശികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കഴിയുന്ന വിദേശികളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവും ജവാസാത്ത് നടപടികള്‍ കര്‍ക്കശമാക്കുന്നതിലൂടെ സാധിക്കുമെന്നും അധികൃതര്‍ കണക്കു കൂട്ടുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News