കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന. മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന. ഇന്നലെ രാത്രിയോടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കമലഹാസന്റെ നിര്‍മ്മാണ കമ്പനിയിൽ റെയ്ഡ് നടത്തിയത്.

കമല്‍ഹാസന്റെ അടുത്ത അനുയായി കൂടിയാണ് മക്കള്‍ നീതി മയ്യം ട്രഷറര്‍ എ.ചന്ദ്രശേഖരന്‍. ഇദ്ദേഹത്തിന്റെ വീടുകളിലും മധുരയിലും തിരുപ്പൂരിലുമുള്ള ഓഫീസുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. എട്ട് കോടിയോളം രൂപയാണ് അന്ന് കണ്ടെത്തിയത്. തന്റെ നിര്‍മ്മാണ കമ്പനിയിൽ പരിശോധന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യത്തെ പ്രതിനിധീകരിച്ച്‌ ഈ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മത്സരിക്കുന്നുണ്ട്. കോയമ്ബത്തൂര്‍ സൗത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ആദായനികുതി വകുപ്പ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 400 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. വന്‍ തോതിലുള്ള പണമിടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here