ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്

ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്നവര്‍ക്കും ബിജെപി ബന്ധമില്ലാത്തവര്‍ക്കുമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം നല്‍കിയതെന്ന് ആരോപിച്ചാണ് സംഘര്‍ഷം. ബംഗാളില്‍ ബിജെപി ഓഫീസുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് അമിത് ഷാ വിളിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാള്‍ പര്യടനം തുടരവെയാണ് സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ബിജെപിയില്‍ പലയിടത്തും തര്‍ക്കം രൂക്ഷമായത്. ബാരനഗര്‍, മാള്‍ദ, ജഗ്ദള്‍, ഹരീഷ് ചന്ദ്രപൂര്‍, ജാല്‍പായ്ഗുരി, ദുര്‍ഗാപൂര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവും സംഘര്‍ഷത്തിനിടയാക്കി.സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച ചില സ്ഥാനാര്‍ഥികളെ പ്രവര്‍ത്തകര്‍ക്കു പിടിക്കാത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കേന്ദ്ര നേതൃത്വം സര്‍വേയിലൂടെ നിശ്ചയിച്ച സ്ഥാനാര്‍ഥികളെപ്പറ്റി പ്രവര്‍ത്തകര്‍ക്ക് കാര്യമായ പരാതിയില്ലെങ്കിലും സിംഗൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടെത്തിയ സിറ്റിങ് എംഎല്‍എ രബീന്ദ്രനാഥ് ഭട്ടാചാര്യയെ സ്ഥാനാര്‍ഥിയാക്കിയതിലാണു പ്രതിഷേധം ശക്തമാക്കുന്നത്.

അതേസമയം, കൊല്‍ക്കത്ത ചൗരംഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സൊമന്‍ മിത്രയുടെ ഭാര്യ സിക്കാ മിത്രയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അനുവാദമില്ലാതെ പേര് പ്രഖ്യാപിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും സിക്കാ മിത്ര പ്രതികരിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് കാശിപൂരിലേക്ക് പ്രഖ്യാപിക്കപ്പെട്ട തൃണമൂല്‍ നേതാവ് ബരുണ്‍ സഹ പ്രതികരിച്ചിരുന്നു.

പ്രവര്‍ത്തകര്‍ ബിജെപി ഓഫീസുകള്‍ തകര്‍ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സൗരവ് സിക്ദാര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ബംഗാളിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാനായി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെയും ബംഗാളിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയയെയും ഡല്‍ഹിയിലേക്കു വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here