സാധാരണക്കാരന്‍റെ ജീവിതമടയാളപ്പെടുത്തുന്ന പ്രകടന പത്രിക; ആത്മവിശ്വാസവും കരുതലും പ്രതിഫലിക്കുന്ന വാഗ്ദാനങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പരിപാടികളുടെ തുടക്കം മുതല്‍ ആത്മവിശ്വാത്തോടെയാണ് ഇടതുപക്ഷം കളത്തിലിറങ്ങിയത്.

സര്‍ക്കാറിന്‍റെ ക്ഷേമ സേവന പദ്ധതികള്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ അംഗീകരിക്കപ്പെടുന്ന പ്രശംസിക്കപ്പെടുന്നൊരു കാലത്താണ് തെരഞ്ഞെടുപ്പ് എത്തുന്നതെന്നത് ഇടതുമുന്നണിയുടെ ആതാമവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ക‍ഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വച്ച 600 വാഗ്ദാനങ്ങളില്‍ 580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പോയ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം പ്രകടനപത്രികയോടുള്ള സാധാരണക്കാരന്‍റെ കാ‍ഴ്ചപ്പാടിനെ മാറ്റിമറിച്ചിട്ടുണ്ട്.

ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയായി ഉയര്‍ത്തുമെന്നതും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നതുമുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട അമ്പതുവാഗ്ദാനങ്ങള്‍

(വിശദാംശങ്ങള്‍ക്ക് ഉപതലക്കെട്ടുകളില്‍ ക്ലിക്ക് ചെയ്യുക)

1 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും
ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും.

2 15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും
കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.

3 15000 സ്റ്റാർട്ട് അപ്പുകൾ
അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഇന്നവേഷന്‍ ചലഞ്ചു പോലുള്ള സംവിധാനങ്ങള്‍ക്കു രൂപം നല്‍കും.

4 പൊതുമേഖലയെ സംരക്ഷിക്കും
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും.

5 സ്വകാര്യ നിക്ഷേപം
മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും.

6 കേരളം ഇലക്ട്രോണിക് – ഫാർമസ്യൂട്ടിക്കൽ ഹബ്ബ്
രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാന്‍ഡിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബുകളില്‍ ഒന്നായി കേരളത്തെ മാറ്റും.

7 മൂല്യവർദ്ധിത വ്യവസായങ്ങൾ
റബര്‍ പാര്‍ക്ക്, കോഫി പാര്‍ക്ക്, റൈസ് പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, ജില്ലാ ആഗ്രോ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യ-സംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

8 ടൂറിസം വിപണി ഇരട്ടിയാക്കും
ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കല്‍ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാര്‍ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങള്‍ മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കും.

9 ചെറുകിട വ്യവസായ മേഖല
സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്കീമുകള്‍ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

10 പ്രവാസി പുനരധിവാസം
അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കും.

11 ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും
പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് ഏറെ പരിഹാരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

12 കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും
കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. കാര്‍ഷികോത്പാദന ക്ഷമത വര്‍ദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാര്‍ഷിക ഉല്‍പന്ന സംസ്ക്കരണത്തില്‍ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങള്‍, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക.

13 മൃഗപരിപാലനം
പാലില്‍ സ്വയം പര്യാപ്തത കൈവരിക്കും. പാല്‍ ഉത്പാദനത്തില്‍ നമ്മള്‍ കൈവരിച്ച നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും നിലനിര്‍ത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈല്‍ വെറ്റിനറി സേവനങ്ങള്‍ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും.

14 പരമ്പരാഗത വ്യവസായ സംരക്ഷണം
സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയര്‍ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയര്‍ത്തും.

15 കടൽ കടലിന്റെ മക്കൾക്ക്
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും.

16 തീരദേശ വികസന പാക്കേജ്
തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവന്‍ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനര്‍ഗേഹം പദ്ധതി നടപ്പാക്കും. മുഴുവന്‍ ഹാര്‍ബറുകളു ടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

17 പട്ടികജാതി ക്ഷേമം
മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കും. ഭൂരഹിതര്‍ക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കര്‍ പദ്ധതി നടപ്പാക്കും.

18 പട്ടികവർഗ്ഗ ക്ഷേമം
മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. ഒരേക്കർ കൃഷി ഭൂമി വീതം ലഭ്യമാക്കും. വന വിഭവങ്ങൾക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. സ്കൂളിനു പുറത്തുള്ള വിദ്യാഭ്യാസ പിന്തുണ വർദ്ധിപ്പിക്കും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടികവർഗ്ഗക്കാർക്കുള്ള ഉപപദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനവിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും.

19 മറ്റു സാമൂഹ്യ വിഭാഗങ്ങള്‍
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുല്യ അളവില്‍ നല്‍കും. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പിന്നോക്ക വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും.

20 ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കും. സ്പെഷ്യല്‍ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവന്‍ ഭിന്നശേഷി ക്കാര്‍ക്കും സഹായോപകരണങ്ങള്‍ ഉറപ്പുവരുത്തും.

21 വയോജനക്ഷേമം
വിപുലമായ വയോജന സർവ്വേ നടത്തും. സേവനങ്ങൾ വാതിൽപ്പടിയിൽ നൽകും. എല്ലാ വാർഡുകളിലും വയോക്ലബ്ബുകൾ സ്ഥാപിക്കും. വയോജന അയൽക്കൂട്ടങ്ങൾ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഓപികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങൾക്കു മരുന്ന് വാതിൽപ്പടിയിൽ എന്നിവ ആരോഗ്യ മേഖലയിൽ ഉറപ്പുവരുത്തും. സംസ്ഥാന-ജില്ല-പ്രാദേശികതലങ്ങളിൽ വയോജന കൗൺസിലുകൾ രൂപീകരിക്കും. വയോജന നിയമം കർശനമായി നടപ്പാക്കും.

22 സ്കൂൾ വിദ്യാഭ്യാസം
മുഴുവന്‍ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡില്‍ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ അഞ്ചു വര്‍ഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തും.

23 ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും.

24 ആരോഗ്യ സംരക്ഷണം ലോകോത്തരം
താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും ബാക്കിയുള്ളവര്‍ക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും

25 ആയുഷ് പ്രോത്സാഹനം
കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിക്കും. ആയൂര്‍വ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും.

26 എല്ലാവർക്കും കുടിവെള്ളം
5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജല്‍ജീവന്‍ മിഷന്‍ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂര്‍ത്തീകരിക്കും.

27 എല്ലാവർക്കും വീട്
അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയും.

28 പുതിയ കായിക സംസ്കാരം
എല്ലാ ജില്ലകളിലെയും സ്പോര്‍ട്സ് സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് പരിശീലനം നല്‍കും. എല്ലാ ജില്ലകളിലും റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും.

29 ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും
ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതാണ്. ചരിത്ര സ്മാരകങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.

30 60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ
60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ട്രാന്‍സ്ഗ്രിഡ്, കെ-ഫോണ്‍, ജലപാത, തീരദേശ – മലയോര ഹൈവേകള്‍, വ്യവസായ പാര്‍ക്കുകള്‍, ആശുപത്രി-കോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

31 ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ
കൊച്ചിയില്‍ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയില്‍ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കു-വടക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി എന്നീ നാലു ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി പൂര്‍ത്തീകരിക്കും.

32 വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം
2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂര്‍ത്തീകരിക്കും.

33 റോഡ് നവീകരണം
15000 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബിസിയില്‍ പൂര്‍ത്തീകരിക്കും. 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയും. 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിര്‍മ്മാണത്തിന് ചെലവഴിക്കും.

34 ജലഗതാഗതം – ബദൽപാത
തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കും. ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകള്‍ നവീകരിക്കും. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തീകരിക്കും. തീരദേശ കാര്‍ഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം ഹാര്‍ബറുകള്‍ പൂര്‍ത്തിയാകും. അഴീക്കല്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കും.

35 റെയിൽവേ-വ്യോമ ഗതാഗതം
കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കും.

36 തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക്
ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14-ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീര്‍ത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ പണവും അധികാരവും ഊദ്യോഗസ്ഥരെയും നല്‍കും.

37 പരിസ്ഥിതി സൗഹൃദം
കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കും. നീർത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തിൽ നദീതട പദ്ധതികൾ ആവിഷ്കരിക്കും. ഇ-വാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും.

38 വനസംരക്ഷണം
കൈയേറ്റം പൂർണമായും തടയും. വനം അതിർത്തികൾ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനവാസ മേഖലയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. വനാതിർത്തിക്കു ചുറ്റും ബഫർ സോൺ നിജപ്പെടുത്തുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കും.

39 പ്രത്യേക വികസന പാക്കേജുകൾ
7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസർകോടു പാക്കേജിനുള്ള തുക വർദ്ധിപ്പിക്കും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നൽകും.

40 ശുചിത്വം
കേരളത്തെ സമ്പൂർണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളിൽ വൻകിട മാലിന്യ നിർമ്മാർജന പ്ലാന്റുകളും സ്ഥാപിക്കും.

41 കേരളം സ്ത്രീ സൗഹൃദമാക്കും
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങൾ നാലിലൊന്നെങ്കിലും ഉയർത്തും. സ്ത്രീകൾക്കുള്ള പദ്ധതി അടങ്കൽ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ, ജൻഡർ പാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കും.

42 ശിശു സൗഹൃദം
ശിശുസൗഹൃദ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾക്കു രൂപം നൽകും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികൾ സ്മാർട്ടാക്കും.

43 വിശപ്പുരഹിത കേരളം
കേരളത്തിൽ ഒരാളും പട്ടിണി കിടക്കാൻ അനുവദിക്കില്ല. സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും വിപുലപ്പെടുത്തും. റേഷൻകടകളെ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾകൂടി വിൽക്കാൻ അനുവദിക്കും. സ്വകാര്യ വിപണനശാലകൾക്ക് ഔദ്യോഗിക റേറ്റിംഗ് ഏർപ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകൾ ആരംഭിക്കും.

44 സഹകരണ മേഖലയുടെ സംരക്ഷണം
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എൻആർഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയർത്തും.

45 സാമൂഹ്യ സുരക്ഷ
സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും.

46 വാണിജ്യമേഖല
വാണിജ്യമിഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളിൽ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികൾ സൃഷ്ടിക്കും.

47 സദ്ഭരണവും അഴിമതി നിർമ്മാർജനവും
ഇ-ഗവേണൻസ്, ഇ-ടെൻഡറിംഗ്, സോഷ്യൽ ഓഡിറ്റ്, കർശനമായ വിജിലൻസ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിർമ്മാർജനം ചെയ്യും.

48 ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിർമ്മിതിയ്ക്കായി വ്യവസായ സംരംഭകർ അടക്കമുള്ളവരോട് പൂർണ സഹകരണം ഉറപ്പുവരുത്തും.

49 നിയമനങ്ങൾ പി.എസ്.സി മുഖേന
സർക്കാർ, അർദ്ധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷ്യൽ റൂളുകൾക്കു രൂപം നൽകുകയും നിയമനങ്ങൾ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും.

50 കടാശ്വാസം
കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യമേഖല കടാശ്വാസ കമ്മീഷൻ, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവർത്തനങ്ങൾ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here