സംസ്ഥാനത്ത് 40 ലക്ഷം തൊ‍ഴിലവസരങ്ങള്‍ പരമദരിദ്രാവസ്ഥ ഇല്ലാതാക്കാന്‍ മൈക്രോ പ്ലാനുകള്‍; ആരോഗ്യ വിദ്യഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി

സമൂഹത്തിന്‍റെ വിവിധമേഖലയില്‍ ഉള്ളവര്‍ ചേര്‍ന്നുകൊണ്ടാണ് ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രിക തയ്യാറാക്കിയത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയെന്നത് ഇടതുപക്ഷം ഗൗരവത്തോടെയാണ് കാണുന്നത്. പ്രകടന പത്രികയില്‍ നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി എല്‍ഡിഎഫിനില്ലെന്നും ക‍ഴിഞ്ഞ തവണ ജനങ്ങള്‍ക്ക് നല്‍കിയ 600ല്‍ 580 വാഗ്ദാനങ്ങളും നടപ്പിലാക്കിയാണ് ഇടതുപക്ഷം ഒരു ഭരണകാലഘട്ടം പൂര്‍ത്തിയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പര്യടനത്തിന്‍റെ ഭാഗമായി തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് നാല്‍പ്പത് ലക്ഷം തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവശ്യമായ വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പരമദരിദ്രാവസ്ഥ പൂര്‍ണമായും ഇല്ലാതാക്കാന്‍ മൈക്രോപ്ലാനുകള്‍ തയ്യാറാക്കും. ഇത്തരക്കാരുടെ കണക്കുകള്‍ സംസ്ഥാന വ്യാപകമായി ശേഖരിക്കും തൊ‍ഴില്‍, സാമ്പത്തിക സഹായങ്ങള്‍ നല്‍കി ഇത്തരക്കാരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാറിന്‍റെ പരിഗണന ലഭിക്കാത്ത ഒരു വിഭാഗവും കേരളത്തില്‍ ഇല്ലെന്ന് ഉറപ്പാക്കുമെന്നും വയോജന ക്ഷേമത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും റബ്ബറിന്‍റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുമെന്നും സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തതയിലെത്തിക്കും ഇത് കര്‍ഷകരുടെ ജീവിതം സുരക്ഷിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടല്‍ കടലിന്‍റെ മക്കള്‍ക്ക് എന്നത് ഇടതുസര്‍ക്കാറിന്‍റെ നയമാണെന്നും മത്സ്യത്തൊ‍ഴിലാളികളുടെ ക്ഷേമത്തിന് 5000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിക്കുകയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ ലൈഫ്മിഷന്‍ ലോക ശ്രദ്ധനേടിയ പദ്ധതിയാണ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഇതിലൂടെസംസ്ഥാനത്തെ പാര്‍പ്പിട പ്രശ്നം ഇല്ലാതാക്കുമെന്നും സംസ്ഥാനത്തെ മു‍ഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടുനേരെ ഒപിയും മരുന്നും ലഭ്യമാക്കും ബാക്കി കുടുംബങ്ങള്‍ക്ക് കാരുണ്യ ആനുകൂല്യം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണമായ അ‍ഴിച്ചുപണിക്കാണ് ഇടതുപക്ഷം നേതൃത്വം കൊടുക്കുകയെന്നും സംസ്ഥാനത്ത് മുപ്പത് മികവിന്‍റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍വകലാശാലകളുമായി ചേര്‍ന്നാണ് ഇവപ്രവര്‍ത്തിക്കുകയെങ്കിലും പൂര്‍ണമായും സ്വതന്ത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ ലിസ്റ്റില്‍ കേരളത്തെ മുന്നിലെത്തിക്കും ലോകത്തെ പട്ടികയില്‍ ആദ്യത്തെ നൂറില്‍ കേരളത്തിലെ സര്‍വകലാശാലകളെയുമെത്തിക്കുമെന്നും സര്‍വകലാശാലാ ക്ലാസ് റൂമുകളും സ്മാട്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News