ദേവികുളത്തും തലശേരിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; കുന്ദമംഗലത്തും അ‍ഴീക്കോടും യുഡിഎഫ് പത്രികയില്‍ തര്‍ക്കം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചതോടെ ഇന്ന് നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന നടക്കുകയാണ് പത്രികയിലെ അപാകതകള്‍ കാരണം ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി.

ദേവികുളം മണ്ഡലത്തില്‍ ബിജെപി-എഐഡിഎംകെ സഖ്യമായാണ് മത്സരിക്കുന്നത്. എഐഡിഎംകെയാണ് എന്‍ഡിഎയ്ക്ക് വേണ്ടി ദേവികുളം മണ്ഡലത്തില്‍ മത്സരിക്കുന്നത്.

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക അപൂര്‍ണമായതിനാല്‍ തള്ളിയതോടെ ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാതായി.

കണ്ണൂര്‍ ജില്ലയിലെ അ‍ഴീക്കോട് ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെയും കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ദിനേശ് പെരുമണ്ണയുടെയും നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടസമുന്നയിച്ചിട്ടുണ്ട്.

എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതില്‍ ഹൈക്കോടതി കെഎം ഷാജിയെ എംഎല്‍എ പദവിയില്‍ നിന്നും അയോഗ്യനാക്കിയ വിധി നിലനില്‍ക്കുന്നുവെന്നും നിയമസഭയില്‍ പങ്കെടുക്കുന്നതിനുള്ള അനുവാദം മാത്രമാണ് കെഎം ഷാജിക്കുള്ളതുമെന്ന നിയമ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയുടെ പത്രിക സ്വീകരിക്കുന്നതില്‍ തടസമുന്നയിക്കുന്നത്.

പത്രിക തള്ളണോ സ്വീകരിക്കണോ എന്ന കാര്യത്തില്‍ തിങ്കളാ‍ഴ്ച തീരുമാനമെടുക്കാന്‍ മാറ്റി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ദിനേശ് പെരുമണ്ണ കെപിസിസി ഭാരവാഹിയാണെന്ന വിവരം നാമനിര്‍ദേശ പത്രികയില്‍ മറച്ചുവച്ചതിനാല്‍ പത്രിക സ്വീകരിക്കരുതെന്നാണ് ആവശ്യം. തലശ്ശേരിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി പത്രികയില്‍ പാര്‍ട്ടി അധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാലാണ് നാമനിര്‍ദേശ പത്രിക തള്ളിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here