സന്ദീപ് വചസ്പതിയുടേത് സമാധാന പരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി കയറിയ സംഭവം സമാധാന പരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉള്ള ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചേക്കാം എന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനു വേണ്ടി പൊരുതി മരിച്ച പുന്നപ്ര – വയലാര്‍ രണധീരര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും കൂട്ടരും അതിക്രമിച്ച് കടക്കുകയും പുഷ്പാര്‍ച്ചന നടത്തുകയുമായിരുന്നു. തെരഞ്ഞെടുപ്പില്‍ കെട്ടി വച്ച കാശുകിട്ടില്ലന്ന് ബോധ്യമായപ്പോള്‍ നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ഗൂഢനീക്കമാണ് ബിജെപി നടത്തിയത്.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയും പത്തോളം വരുന്ന സംഘവും വലിയ ചുടുകാട്ടില്‍ അതിക്രമിച്ച് കടന്നത്. രക്തസാക്ഷി മണ്ഡപങ്ങളില്‍ ഇവര്‍ പുഷ്പ്പാര്‍ച്ചന നടത്തി ‘ഭാരത് മാതാ കീ, ജെയ്’ വിളിയും നടത്തി.തുടര്‍ന്ന് മുന്‍കൂട്ടി സംഘടിപ്പിച്ച് നിര്‍ത്തിയിരുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് രക്തസാക്ഷികളെ അവഹേളിച്ച് സംസാരിക്കുകയും ചെയ്തു.

രക്തസാക്ഷികളായവരെ തെറ്റിദ്ധരിപ്പിച്ചാണ് പുന്നപ്ര-വയലാര്‍സമരത്തില്‍ പങ്കെടുപ്പിച്ചതെന്ന കോണ്‍ഗ്രസ്സ് വായ്ത്താരിയാണ് ഇവര്‍ ഏറ്റുപറഞ്ഞത്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ ജനങ്ങളുടെയോ ശ്രദ്ധയില്‍ പെടും മുന്‍പ് ബിജെപി സംഘം കടന്നുകളയുകയും ചെയ്തു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ശക്തമായ പ്രതിക്ഷേധമുയര്‍ന്നിട്ടുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. വൈകിട്ട് നഗരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും യോഗവും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News