തലശ്ശേരിയില്‍ കണ്ടത് ബിജെപിയും യുഡിഎഫുമായുള്ള ഒത്തുകളി: എം വി ജയരാജന്‍

തലശ്ശേരിയില്‍ കണ്ടത് ബിജെപിയും യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ ശരിയായ രീതിയിലാണ് പത്രിക നല്‍കിയത്.

അതിനാല്‍ തന്നെ തലശ്ശേരിയില്‍ നടന്നത് ഫോം സമര്‍പ്പണത്തിലുള്ള അശ്രദ്ധയാണ് എന്ന് പറയാന്‍ കഴിയില്ലെന്നും യുഡിഎഫ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും ജയരാജന്‍ ആരോപിച്ചു.

തലശ്ശേരിയില്‍ എത്തുന്ന അമിത് ഷാ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് പറയുകയെന്നും ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് നിന്നാലും തലശ്ശേരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

ധര്‍മ്മടത്തെ ബിജെപി ദേശീയ നേതാവിന്റെ മത്സരവും കോണ്‍ഗ്രസിന്റെ അപ്രധാന സ്ഥാനാര്‍ത്ഥിയും തലശ്ശേരിയിലെ പത്രിക തള്ളലുമെല്ലാം കൂട്ടി വായിക്കേണ്ടതാണ്.

ധര്‍മ്മടത്ത് നിന്ന് കെ സുധാകരന്‍ ഒളിച്ചോടുകയാണെന്നന്നും അപ്രധാനിയായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് ധര്‍മ്മടത്ത് നിര്‍ത്തിയതെന്നും ജയരാജന്‍ വിമര്‍ശിച്ചു.

യുഡിഎഫ്- ബിജെപി സഖ്യം കണ്ണൂരിലേക്കും വരികയാണ്. ഹനുമാന്‍ സേനയുടെ പരിപാടിയില്‍ കെ സുധാകരന്‍ പങ്കെടുക്കാമെന്ന് പറഞ്ഞതും അന്തര്‍ധാരയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here